News - 2024

ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുനൂറോളം പേര്‍

പ്രവാചകശബ്ദം 11-11-2023 - Saturday

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടെ ആക്രമത്താല്‍ പൊറുതിമുട്ടിയ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുന്നൂറോളം പേര്‍. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയാണ് ഇക്കാര്യം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവെച്ചത്. ഇടവക ജനങ്ങളും, അഭയാർത്ഥികളും ലോകസമാധാനത്തിനുവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുകയാണെന്നും ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, മുഴുവൻ സഭയുടെയും സാമീപ്യവും ശക്തി പകരുന്നതുകൊണ്ടാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യേശുവിന്റെയും, തിരുസഭയുടെയും, പാപ്പയുടെയും സ്നേഹം അനുഭവിക്കുന്നതിനാൽ ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിലെ അംഗങ്ങളും, അഭയാർഥികളായി എത്തിയിരിക്കുന്ന എഴുനൂറോളം ആളുകളും പ്രതീക്ഷയോടെയാണ് മുൻപോട്ടു പോകുന്നത്. ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, സഭയുടെയും ഐക്യദാര്‍ഢ്യവും സാമീപ്യവും ശക്തി പകരുന്നു. അതിനാലാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നത്. ഈ സുരക്ഷിതത്വം അവർക്കു ലഭിക്കുന്നതുകൊണ്ട് ലോകസമാധാനത്തിനു വേണ്ടി അവർ ഒന്നിച്ചു പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ, യുദ്ധഭീതിയിൽ കഴിയുന്ന ഹോളി ഫാമിലി ഇടവകയുമായി ഫ്രാൻസിസ് പാപ്പ എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. പാപ്പ അവർക്ക് ആശീർവാദം നൽകുകയും, സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലെ അഭയാര്‍ത്ഥികള്‍ രാവിലെയും, ഉച്ചയ്ക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും, നിരന്തരമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടിയ സഹനങ്ങള്‍ക്കിടയിലും ക്രിസ്തു വിശ്വാസത്തില്‍ ആഴപ്പെട്ട് ഗാസയിലെ ക്രൈസ്തവ സമൂഹം മുന്നോട്ടുപോകുകയാണെന്നതിന്റെ തെളിവാണ് ഫാ. ഗബ്രിയേലിന്റെ വാക്കുകള്‍. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്ക വിശ്വാസികള്‍ മാത്രമാണുള്ളത്.

More Archives >>

Page 1 of 903