News

കേരളത്തിലെ സ്ത്രീ നവോത്ഥാനത്തിന് തുടക്കം കുറിച്ച ദൈവദാസി മദർ ഏലീശ്വ ധന്യപദവിയില്‍

പ്രവാചകശബ്ദം 09-11-2023 - Thursday

കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ ധന്യപദവിയിലേക്ക് ഉയർത്തി. വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഇന്നലെ നവംബര്‍ എട്ടാം തീയതി ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചത്.

1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി.

ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു.

തന്റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന കഠിന വഴികളെ പ്രാർത്ഥനയിലൂടെയും എളിമയിലൂടെയും മദർ ഏലിശ്വ അതിജീവിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിച്ചത് മദർ എലീശ്വയായിരിന്നു.

ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനയാക്കി മദർ ഏലീശ്വ മാറ്റി. 1913 ജൂലൈ 18നു ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.

Tag: Eliswa Vakayil, Mother Eliswa has been made Venerable malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 902