News - 2024

യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ആനന്ദം: പെറുവില്‍ നാല്‍പ്പത്തിയാറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം

പ്രവാചകശബ്ദം 16-11-2023 - Thursday

ലിമ: യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അഗാധമായ ആനന്ദം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവില്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് നാഷ്ണല്‍ ബെര്‍ത്ത്, പുല്‍ക്കൂട് മത്സരത്തോടൊപ്പം ആഘോഷിക്കും. “ക്രിസ്തുവാണ്‌ ക്രിസ്മസ്” (ക്രിസ്തുമസ് ഇസ് ജീസസ്) 2023 എന്ന പത്തൊന്‍പതാമത് നാഷ്ണല്‍ ബെര്‍ത്ത് മത്സരവും പ്രദര്‍ശനവും ‘ദി കള്‍ച്ചറല്‍ തിയേറ്റര്‍ ആന്‍ഡ്‌ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ (ഐ.സി.ടി.വൈ.എസ്) ആണ് സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ഒരുക്കിയിരിക്കുന്നത്. സെറാക്കാഡോ ഡെ ലിമായിലെ ജിറോണ്‍ ഡെ ലാ യൂണിയന്‍ 554-ലെ കാസാ ഒ’ഹിഗ്ഗിന്‍സില്‍വെച്ച് നവംബര്‍ 22ന് പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്കാണ് മത്സരത്തിന്റെയും അതോടോപ്പമുള്ള പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം.

പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാല്‍പ്പത്തിയാറോളം പുല്‍ക്കൂടുകളുടെ പ്രദര്‍ശനമാണ് പരിപാടിയുടെ പ്രധാനഭാഗം. സെറാമിക്സ്, സ്റ്റോണ്‍ സ്കള്‍പ്ച്ചര്‍, മരത്തിലെ കൊത്തുപണി, അള്‍ത്താര വസ്തുക്കള്‍, ലോഹങ്ങള്‍, തുണി, തുന്നല്‍പ്പണി, പ്രകൃതിയില്‍ നിന്നുള്ള നാരുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ വ്യത്യസ്തമായ രീതിയില്‍ വിവിധ കലാകാരന്മാര്‍ നിര്‍മ്മിച്ചിട്ടുള്ള പുല്‍ക്കൂടുകളാണ് പ്രദര്‍ശിപ്പിക്കുകയെന്ന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അംഗമായ തബാട്ടാ മാട്ടോസ് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കാണിച്ചുതരുന്ന മനോഹരമായ തിരുപ്പിറവി ദൃശ്യങ്ങളുള്ള പ്രദര്‍ശനം കാണുവാന്‍ ഏവരെയും ക്ഷണിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

പെറുവിലെ കരകൗശല വിദഗ്ദരെ തുറന്നുകാട്ടുക, വിവിധ ആചാരങ്ങളും, പാരമ്പര്യങ്ങളും എങ്ങനെയാണ് തിരുപ്പിറവി ദൃശ്യങ്ങളില്‍ സമന്വയിപ്പിച്ചിരിക്കുന്നതെന്ന്‍ കാണിക്കുക എന്നീ ലക്ഷ്യങ്ങളും മത്സരത്തിന് പിന്നിലുണ്ടെന്ന് മാട്ടോസ് ചൂണ്ടിക്കാട്ടി. 2023 നവംബര്‍ 22 മുതല്‍ 2024 ജനുവരി 7 വരെ ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 10 മുതല്‍ രാത്രി 8 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുവാന്‍ സൗജന്യമായി അവസരമുണ്ടാകും. റിവാ അഗ്യൂറോ ഇന്‍സ്റ്റിറ്റ്യൂട്ടും, ലൂയിസ് റെപെറ്റോ മാലാഗാ മ്യൂസിയം ഓഫ് പോപ്പുലര്‍ ആര്‍ട്ട് ആന്‍ഡ്‌ ട്രഡീഷന്‍സ് ഓഫ് ദി പൊന്തിഫിക്കല്‍ കത്തോലിക്ക യൂണിവേഴ്സിറ്റി പെറുവും, കാസാ ഒ’ഹിഗ്ഗിന്‍സും സംയുക്തമായി വിദേശകാര്യ - വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

More Archives >>

Page 1 of 906