News - 2024

സഹിക്കുന്ന മനുഷ്യരിൽ യേശുവിനെ കണ്ട് ശുശ്രൂഷിക്കുക: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 17-11-2023 - Friday

വത്തിക്കാന്‍ സിറ്റി: യേശുവെന്ന ജീവിക്കുന്ന പുസ്തകത്തിൽനിന്ന് പാഠമുൾക്കൊണ്ട്, സഹനത്തിലായിരിക്കുന്ന മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുവാനും പ്രാർത്ഥിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. വടക്കേ അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന സ്പാനിഷ് വൈദികര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നിന്നിരുന്ന സ്ത്രീകൾ അനുഭവിച്ച ബലഹീനതയാണ് ഇന്നും അനേകം ക്രിസ്തു ശിഷ്യർ അനുഭവിക്കുന്നത്. സഹിക്കുന്ന ഓരോ സഹോദരീസഹോദരന്മാരിലും താൻ അനുഭവിക്കുന്ന വേദനകൾക്ക് ആശ്വാസമേകാൻ യേശു ഇന്നും ക്ഷണിക്കുന്നുണ്ടെന്നും സഹിക്കുന്ന മനുഷ്യരിൽ യേശുവിനെ കണ്ട് ശുശ്രൂഷിക്കണമെന്നും പാപ്പ പറഞ്ഞു.

ഓരോ സക്രാരികളിൽനിന്നും കൂദാശ ചെയ്യപ്പെടുന്ന കാസകളിൽനിന്നും, തന്റെ വേദന കുറയ്ക്കുവാനായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന യേശുവിന്റെ ചോദ്യം ഉയരുന്നുണ്ടെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. സഹിക്കുന്ന ഓരോ സഹോദരീസഹോദരന്മാരിലും താൻ അനുഭവിക്കുന്ന വേദനകൾക്ക് ആശ്വാസമേകാൻ യേശു ഇന്നും ക്ഷണിക്കുകയാണ്. അവരെ ഒറ്റയ്ക്കാക്കരുതെന്നാണ് ദൈവം ആവശ്യപ്പെടുന്നത്. പീഡാസഹനങ്ങളെ തടയുവാനല്ല, മറിച്ച് അവയുടെ മധ്യത്തിലും, ദൈവത്തിന് മഹത്വമേകുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.

ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നിന്നിരുന്ന സ്ത്രീകൾ അനുഭവിച്ച അതേ വെല്ലുവിളിയും ബലഹീനതയുമാണ്, കുടിയേറ്റക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ മുന്നിലും സുവിശേഷപ്രഘോഷണത്തിന്റെ സങ്കീർണ്ണതയ്ക്കും മുന്നിലും ചില നേതൃത്വങ്ങള്‍ എടുക്കുന്ന അടഞ്ഞ മനോഭാവത്തിന് മുന്നിലും നാം നേരിടുകയും അനുഭവിക്കുകയും ചെയ്യുന്നത്. വലിയ ആശയങ്ങളിലോ, കൃത്യമായി നിർവ്വചിക്കപ്പെട്ട അജപാലനനിർദ്ദേശങ്ങളിലോ മാത്രം വിശ്വാസമർപ്പിക്കുകയോ, തെറ്റുകാരെ അന്വേഷിക്കുകയോ ചെയ്യുന്നതിന് പകരം, സ്വയം സമർപ്പിക്കുവാനായി നിങ്ങളെ വിളിച്ചവന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക. അവിടുന്നു നിങ്ങളിൽ നിന്ന് വിശ്വസ്തതയും സ്ഥിരതയുമാണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ പ്രവർത്തനങ്ങളെ പൂർത്തീകരിക്കുന്നതും, അവയിൽനിന്ന് സത്‌ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ദൈവമായിരിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.


Related Articles »