News - 2025
യുക്രൈനെ വീണ്ടും ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് പാപ്പ; മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും അൾട്രാസൗണ്ട് മെഷീനും കൈമാറും
പ്രവാചകശബ്ദം 20-12-2024 - Friday
വത്തിക്കാന്‍ സിറ്റി: രണ്ടു വര്‍ഷം മുന്‍പ് റഷ്യൻ സൈന്യം രാജ്യത്തു ആക്രമണം ആരംഭിച്ചത് മുതല്‍ അതികഠിനമായ പീഡകളിലൂടെ കടന്നുപോകുന്ന യുക്രൈന് വീണ്ടും സഹായവുമായി ഫ്രാന്‍സിസ് പാപ്പ. യുദ്ധത്താൽ തകർന്ന രാജ്യത്തെ നിവാസികളെ പരിചരിക്കുന്നതിനായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റാണ് പാപ്പ ക്രിസ്തുമസ് സമ്മാനമായി കൈമാറിയത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള വാഹനം പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയാണ് യുക്രൈനില്‍ എത്തിക്കുക.
ഇത് കൂടാതെ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രികളിലേക്ക് ആറ് അൾട്രാസൗണ്ട് മെഷീനുകളും ഫ്രാന്‍സിസ് പാപ്പ കൈമാറുന്നുണ്ട്. യുക്രൈനിലേക്കുള്ള തന്റെ യാത്രയ്‌ക്കിടെ, ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് പ്രത്യാശ പകരുവാനും ഫ്രാൻസിസ് മാർപാപ്പയുടെ ആശ്വാസവും സാമീപ്യവും നൽകാനും കർദ്ദിനാൾ ക്രജേവ്‌സ്‌കി നിരവധി കൂട്ടായ്മകള്‍ സന്ദർശിക്കും.
പരിശുദ്ധ പിതാവിൻ്റെ നിര്‍ദ്ദേശ പ്രകാരം കർദ്ദിനാൾ ഇതിനകം കുറഞ്ഞത് എട്ട് തവണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജൂണിൽ മാർപാപ്പ സംഭാവന ചെയ്ത മൂന്നാമത്തെ ആംബുലൻസ് അദ്ദേഹം യുക്രൈനു കൈമാറിയിരിന്നു. വസ്ത്രങ്ങള്‍, ജനറേറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള സഹായമാണ് വത്തിക്കാന്‍ ഇതിനോടകം യുക്രൈന് കൈമാറിയിരിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
