News - 2024

വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 19-12-2024 - Thursday

വത്തിക്കാന്‍ സിറ്റി: പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യ സ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും അതിനാല്‍ ക്രിസ്തുമസിന് വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണമെന്നും ഫ്രാൻസിസ് പാപ്പ. ഇന്നലെ ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശ വേളയിലാണ് ആഹ്വാനം നടത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ന്യൂസ് ‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുൽക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പ, വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.

എല്ലാവരുടെയും ഭവനങ്ങളിൽ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ. ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുൽക്കൂടുകള്‍. നമ്മുടെയിടയിൽ വസിക്കുവാൻ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തിൽ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാർഗമാണ് ഈ പുൽക്കൂടുകളെന്നും പാപ്പ അനുസ്മരിച്ചു. സന്ദേശത്തില്‍ യുവജനങ്ങൾ, രോഗികൾ, പ്രായമായവർ നവദമ്പതികൾ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.

തന്റെ അഭിസംബോധനയുടെ അവസാനം, യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനതകൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. പ്രത്യേകമായി പാലസ്തീൻ, ഇസ്രായേൽ, യുക്രൈന്‍, മ്യാൻമർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ച പാപ്പ, യുദ്ധങ്ങൾ അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുതെന്നും പറഞ്ഞു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

Posted by Pravachaka Sabdam on 

Related Articles »