News

ഉത്തര കൊറിയയിലെ യുവജനങ്ങളെ യുവജന സംഗമത്തിലേക്ക് ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 21-11-2023 - Tuesday

സിയോള്‍: 2027ൽ രാജ്യത്ത് നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഉത്തര കൊറിയയിലെ യുവജനങ്ങളെ ക്ഷണിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയിലെ ആർച്ച് ബിഷപ്പ്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഉത്തര കൊറിയയിലെ യുവജനങ്ങളെയും ക്ഷണിക്കണമെന്നുള്ള തന്റെ ആഗ്രഹം ദക്ഷിണ കൊറിയയുടെ ആർച്ച് ബിഷപ്പ് സൂൺ ടയികാണ് പ്രകടിപ്പിച്ചത്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കൊറിയയുടെ ക്യാമ്പസിൽ നടന്ന എട്ടാമത് കൊറിയൻ പെനിന്‍സ്വേല പീസ് ഷെയറിങ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1995ൽ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ സ്റ്റീഫൻ കിം സു-വാൻ ആരംഭിച്ച റീകൺസിലിയേഷൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

കൊറിയയില്‍ ഒത്തുതീർപ്പിലേക്കും, സമാധാനത്തിലേക്കും എത്തുന്ന മാർഗങ്ങൾ എന്നതായിരുന്നു ഇപ്രാവശ്യത്തെ കൂടികാഴ്ചയുടെ ആപ്തവാക്യം. വർഷങ്ങളായി കൊറിയയിലുള്ള ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുക, ദക്ഷിണ കൊറിയയിൽ അഭയാർത്ഥികളായി കഴിയുന്ന ഉത്തര കൊറിയക്കാരെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കമ്മറ്റി നടത്തിവരികയാണ്. ചില ആൾക്കാർക്ക് സംശയങ്ങൾ ഉണ്ടെങ്കിലും, സമാധാനം വേണമെന്നുണ്ടെങ്കിൽ നമ്മൾ ഒരിക്കലും ഒത്തുതീർപ്പിനു വേണ്ടിയുളള ശ്രമങ്ങൾ അവസാനിപ്പിക്കരുതെന്ന് ചടങ്ങിന്റെ ആമുഖപ്രസംഗം നടത്തിയ ഹാൻയാങ്ങ് സർവ്വകലാശാലയിലെ പ്രൊഫസറായ ഹോങ്ങ് യോങ്ങ് പ്യോ പറഞ്ഞു.

ലക്ഷ്യത്തിലെത്തിച്ചേരാൻ വേണ്ടി ഫോറത്തിന് ചെറിയ എന്തെങ്കിലും സംഭാവനകൾ എങ്കിലും നൽകാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഉത്തരകൊറിയയിൽ മിഷനറി പ്രവർത്തനം നടത്തുക എന്നത് തനിക്ക് ലഭിച്ച വിളിയായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് സൂൺ പറഞ്ഞു. ഉത്തരകൊറിയയിലെ മിഷനുവേണ്ടി, ഉത്തരകൊറിയൻ അഭയാർത്ഥികളെ സഹായിക്കുന്നത് ഉൾപ്പെടെയുളള നടപടികൾ പ്രവർത്തികമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

1945 ൽ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുന്‍പ് ജപ്പാൻറെ ഒരു കോളനി ആയിരിന്നു കൊറിയ. യുദ്ധാനന്തരം നടന്ന യാൾട്ട കോൺഫറൻസിൽവെച്ച് മുപ്പത്തിയെട്ടാം സമാന്തര രേഖ (38th Parallel) നിർണ്ണയിച്ച് കൊറിയയെ തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. അങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയും സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി ഉത്തര കൊറിയയും നിലവിൽ വരികയായിരിന്നു. ലോകത്തെ ഏറ്റവും അധികം മതസ്വാതന്ത്ര്യ ലംഘനം നടക്കുന്ന ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഏകാധിപതിയായ കിം ജോംഗ് ഉന്‍ ഭരിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ.

More Archives >>

Page 1 of 908