News

ഇസ്രായേലി പലസ്തീനി കുടുംബങ്ങളുമായി ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ച

പ്രവാചകശബ്ദം 23-11-2023 - Thursday

വത്തിക്കാൻ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബാംഗങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുമായും ഫ്രാൻസിസ് പാപ്പ നേരിട്ട് സന്ദർശിച്ചു. ഇന്നലെ നവംബർ 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസ്സിനോടനുബന്ധിച്ചാണ് മാർപാപ്പ ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. ഇരകളാക്കപ്പെട്ടവരോട് ആത്മീയ അടുപ്പം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ സാന്ത്വന വാക്കുകളും പങ്കുവെച്ചു. പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധിസംഘത്തിൽ 12 ഇസ്രായേലികളും 10 പലസ്തീനികളും അടങ്ങുന്നതായിരുന്നു. 20 മിനിറ്റു വീതം നീണ്ടുനിന്ന വെവ്വേറെ കൂടിക്കാഴ്ചകളിൽ, വിശുദ്ധ നാടിനെ തകർത്തുകൊണ്ടിരുന്ന യുദ്ധം ബാധിച്ചവരിൽ ചിലർ തങ്ങളുടെ ദുഃഖം പാപ്പയോട് പങ്കുവെച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാൻ ഫ്രാൻസിസ് പാപ്പ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഇരുവരും (പക്ഷവും) എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് താൻ കേട്ടു: ഇത് യുദ്ധമല്ല, ഇത് തീവ്രവാദമാണ്. ദയവായി, നമുക്ക് സമാധാനത്തിനായി മുന്നോട്ട് പോകാം, നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം. കർത്താവ് അവിടെ കൈ വയ്ക്കട്ടെ, പ്രശ്നങ്ങൾ പരിഹരിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ, പാലസ്തീൻ ജനതക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഇസ്രായേൽ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, അങ്ങനെ സമാധാനം വരട്ടെ," - പാപ്പ പറഞ്ഞു.