India - 2024
പാളയം കത്തീഡ്രൽ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ
പ്രവാചകശബ്ദം 28-11-2023 - Tuesday
തിരുവനന്തപുരം: പാളയം സെൻ്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ സെൻ്റ ജോസഫ്‌സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാ ലയത്തിനു പിന്നിലെ വിശുദ്ധ മദർ തെരേസ ഹാളിൽ സംഘടിപ്പിക്കുന്ന ചരിത്ര സാംസ്കാരിക പ്രദർശനം ഡിസംബർ ഒന്നിന് രാവിലെ പത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്‌തുദാസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ സിബി കാട്ടാമ്പള്ളി മുഖ്യ സന്ദേശം നൽകും. ഡിസംബർ ഒന്ന് വെള്ളി കാരുണ്യദിനമായി ആചരിക്കും.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹ ബലിക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ മുഖ്യകാർമികനായിരിക്കും. ഡിസംബർ രണ്ട് ശനി കുടുംബ കൂട്ടായ്‌മാദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബക്കൂട്ടായ്‌മകളുടെ ശാക്തീകരണം ശുശ്രൂ ഷകളിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ റവ. ഡോ.ആർ.ബി. ഗ്രിഗറി വിഷയം അവതരിപ്പിക്കും. 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹബലിക്ക് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും. അന്നു വൈകുന്നേരം 6.30ന് വിവിധ വാർഡുകളുടെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിക്കും.
വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്.