News - 2025
ദരിദ്രരെ അനുസ്മരിച്ചുള്ള എട്ടാമത് ആഗോള ദിനത്തില്‍ 1300 പാവങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പ ഉച്ചഭക്ഷണം കഴിക്കും
പ്രവാചകശബ്ദം 13-11-2024 - Wednesday
വത്തിക്കാന്‍ സിറ്റി: ദരിദ്രരെ പ്രത്യേകം അനുസ്മരിച്ചുള്ള എട്ടാമത് ആഗോള ദിനത്തിന്റെ ഭാഗമായി നവംബർ 17 ഞായറാഴ്ച 1,300 പേരോടൊപ്പം ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ ഉച്ചഭക്ഷണം കഴിക്കും. ഇറ്റാലിയൻ റെഡ് ക്രോസുമായി സഹകരിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന പരിപാടി പോൾ ആറാമൻ ഹാളിലാണ് ക്രമീകരിക്കുന്നത്. ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ ഉള്‍പ്പെടെ ഏറ്റവും ആവശ്യമുള്ളവരുമായി അടുത്തിടപഴകാനുള്ള പരിശുദ്ധ പിതാവിൻ്റെ ആഗ്രഹത്തിൻ്റെ അടയാളമായാണ് ആഗോള ദരിദ്രരുടെ ദിനം ഇത്തവണ ആചരിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
കത്തോലിക്കാ വിശ്വാസികൾ ഓരോ ദിവസവും കണ്ടുമുട്ടുന്ന ദരിദ്രരുടെ സാന്നിധ്യത്തെയും ആവശ്യങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞാണ് എട്ടാമത് ലോക ദരിദ്ര ദിനത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം നേരത്തെ പുറത്തുവിട്ടത്. 2025 വിശുദ്ധ വർഷത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ, ഒരു നല്ല ഭാവിക്കായി പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞിരിന്നു.
2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ വത്തിക്കാന്‍ ഡിക്കാസ്റ്ററി ഹിൽട്ടൺ ഹോട്ടലിനോട് ചേര്‍ന്നു ഏകദേശം 1,200 പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയിരിന്നു.