News - 2024

നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വേട്ടയാടല്‍ തുടരുന്നു; മറ്റൊരു മെത്രാനെ കൂടി അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 22-12-2023 - Friday

മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെ നടത്തുന്ന വേട്ടയാടല്‍ തുടര്‍ക്കഥ. നിക്കരാഗ്വേ പോലീസ് സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേഗയെ അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത രണ്ടാമത്തെ കത്തോലിക്ക മെത്രാനാണ് ബിഷപ്പ് ഇസിഡോറോ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ വീട്ടുതടങ്കലിലാക്കുകയും അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരെസിന് വേണ്ടി വിശുദ്ധ കുർബാന നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറുപത്തിമൂന്നു വയസ്സുള്ള ബിഷപ്പ് ഇസിഡോറോയുടെ അറസ്റ്റ്.

അറസ്റ്റിലാകുന്നതിന്റെ തലേദിവസം, മതഗൽപ രൂപതയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ബിഷപ്പ് ഇസിഡോറോ ഡെൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിക്കരാഗ്വേൻ ബിഷപ്പ്സ് കോൺഫറൻസ് അൽവാരസിന് പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. മതഗൽപയിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നടന്ന കുർബാനയ്‌ക്കിടെ നടത്തിയ പ്രസംഗത്തിന് പിന്നാലെ പോലീസ് ബിഷപ്പിനെ അകാരണമായി അറസ്റ്റ് ചെയ്യുകയായിരിന്നു. മാതഗൽപയിൽ ജനിച്ച അദ്ദേഹം 2003 സെപ്തംബർ 20-നാണ് അഭിഷിക്തനായത്. 2021 ഏപ്രിൽ 8-ന് സിയൂനയിലെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനുമുമ്പ്, മതഗൽപ്പ രൂപതയുടെ വികാരി ജനറലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.

നേരത്തെ ജനാധിപത്യ വിരുദ്ധമായ ഒർട്ടേഗയുടെ നിലപാടുകള്‍ക്കെതിരേ സംസാരിച്ചതാണ്, അന്‍പത്തിയാറുകാരനായ ബിഷപ്പ് അൽവാരെസിനെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2022 ഫെബ്രുവരി 10-ന് നാല് വൈദികര്‍ ഉള്‍പ്പെടെ 222 രാഷ്ട്രീയ വിമതരെ യുഎസിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഷപ്പിനെ കാല്‍ നൂറ്റാണ്ട് തടവുശിക്ഷ വിധിക്കുകയായിരിന്നു. ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കത്തോലിക്ക സഭയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കുകയും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരിന്നു.


Related Articles »