News - 2024

നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം 2 ദിവസത്തിനിടെ 4 വൈദികരെ അകാരണമായി അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 30-12-2023 - Saturday

മനാഗ്വേ: ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന നിക്കരാഗ്വേയിൽ രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായിരിക്കുന്നത് നാല് വൈദികര്‍. ഡിസംബർ 28-29 തീയതികളിലായി അറസ്റ്റ് ചെയ്ത വൈദികര്‍ ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുകയാണ്. മനാഗ്വ അതിരൂപതയുടെ വികാരി ജനറൽ മോൺ. കാർലോസ് അവിലേസ്; എസ്ക്വിപുലസിലെ ഹോളി ക്രൈസ്റ്റ് ഇടവക വികാരി ഫാ. ഹെക്ടർ ട്രെമിനിയോ, മതഗൽപ്പ രൂപതയിലെ ഫാത്തിമാ മാതാ ഇടവക വികാരി ഫാ. ഫെർണാണ്ടോ കലേറോ എന്നിവരെയാണ് പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിക്കരാഗ്വേൻ മാധ്യമ പ്രവര്‍ത്തകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മറ്റൊരു വൈദികനെ പോലീസ് അജ്ഞാതസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയതായി അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ മനാഗ്വേ അതിരൂപതയിലെ നിന്ദിരിയിലെ വികാരി ഫാ. പാബ്ലോ വില്ലഫ്രാങ്കയെ ഡിസംബർ 26-ന് പോലീസ് അറസ്റ്റ് ചെയ്തിരിന്നു. അദ്ദേഹം എവിടെയാണെന്ന് ഒരു വിവരവുമില്ല. ഭരണകൂടത്തിന്റെ പീഡനം മൂലം അമേരിക്കയിലേക്ക് പലായനം ചെയ്തു പ്രവാസത്തിൽ കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സിൽവിയോ ജോസ് സംഭവത്തെ അപലപിച്ചു. ക്രിമിനൽ സ്വഭാവമുള്ള സാൻഡിനിസ്റ്റ സ്വേച്ഛാധിപത്യ ഭരണകൂടം മനാഗ്വേയിൽ നിന്ന് പ്രിയപ്പെട്ട വൈദികരെ അന്യായമായി തടങ്കലിലാക്കിയതില്‍ അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം 'എക്സി'ല്‍ കുറിച്ചു.

ഭരണകൂടത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ “രാജ്യദ്രോഹി” എന്ന കുറ്റം ആരോപിച്ച് 26 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഉൾപ്പെടെ നിരവധി നിരപരാധികളാണ് രാജ്യത്തു തടങ്കലില്‍ കഴിയുന്നത്. ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും മൂലം പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ പ്രതിഷേധവുമായി രംഗത്ത് വന്നതാണ് സ്വേച്ഛാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്.


Related Articles »