India - 2024

പുതുവര്‍ഷത്തില്‍ സമാധാനം പുലരട്ടെ

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 01-01-2024 - Monday

ഓരോ പുതുവർഷവും പൊട്ടി വിടരുന്നത് സമാധാനത്തിൻ്റെ ദൂതുമായാണ്. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവർഷാരംഭത്തിൽ ഈശോ മിശിഹായാണ് യാർത്ഥ സമാധാനമെന്നു നമുക്ക് ഓർമ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട ദിനമാണ്. ഈശോ എന്ന വാക്കിൻ്റെ അർത്ഥം ദൈവം രക്ഷിക്കുന്നു എന്നാണല്ലോ. സമാധാനത്തിൻ്റെ മാധുര്യം ഈശോമിശിഹായുടെ രക്ഷാകരമായ മനുഷ്യാവതാരത്തിൽ ഉൾചേർന്നിരിക്കുന്നു.

പഴയ നിയമ പ്രവചകന്മാർ ഈശോയെ വിശേഷിപ്പിക്കുക "സമാധാന രാജാവ് " എന്നാണല്ലോ. അവനിൽ ദൈവവും മനുഷ്യ കുലവും തമ്മിലുള്ള അനുരജ്ഞനം പൂർണ്ണതയിലെത്തിയിരിക്കുന്നു. ഈ അനുരജ്ഞനമാണ് സമാധാനത്തിൻ്റെ ആദ്യത്തെ തലം യാഥാർത്ഥ്യമാക്കുന്നത്. ഈ അനുരജ്ഞനത്തിൽ എല്ലാ സമാധാനവും ആരംഭിക്കുകയും വേരുറപ്പിക്കുകയും ഈ ലോകത്തിൽ ദൈവീക സുതന്മാരാകാനുള്ള വിളി സാക്ഷാൽക്കരിക്കുകയും ചെയ്യുന്നു. ദൈവപുത്ര/പുത്രി സ്ഥാനത്തിലൂടെ ദൈവം നൽകുന്ന സമാധാനത്തിൽ ഭാഗഭാക്കാകാൻ മാത്രമല്ല അവൻ വിഭാവനം ചെയ്യുന്ന സമാധാനത്തിൻ്റെ സഹകാര്യസ്ഥന്മാരും ആകാനും നമുക്കു ക്ഷണം ലഭിച്ചിരിക്കുന്നു. മിശിഹായിൽ പൂർത്തീയായ രക്ഷാകര പദ്ധതിയുടെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്ന സമാധാനമാണിത്.

ഈശോയുടെ മനുഷ്യാവതാരരാത്രിയിൽ ബേത്ലേഹമിൽ മുഴങ്ങിയ സ്വർഗ്ഗീയ സന്ദേശം "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14) ലോക സമാധാനവും രക്ഷകൻ്റെ ജനനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രക്ഷിക്കുക എന്നാൽ സകല തിന്മയിൽ നിന്നു വിമോചിപ്പിക്കുക എന്നാണ്. സംഖ്യയുടെ പുസ്തകത്തിൽ പുരോഹിതൻ്റെ ആശീർവ്വാദ പ്രാർത്ഥന ഇങ്ങനെയാണ്:

"കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ" (സംഖ്യ 6 : 24-26).

അതിനാൽ ലോക രക്ഷകനായ ഈശോയുടെ നാമം നമുക്കു വിളിക്കാം. അവൻ്റെ ശക്തി ആദ്യം ബത്ലേഹമിലെ ദാരിദ്രത്തിലും പിന്നീട് ഗാഗുൽത്തായിലെ മരക്കുരിശിലും ദൃശ്യമായി. അവൻ്റെ ശക്തിക്കു മാത്രമേ സമാധാനത്തിൻ്റെ ശത്രുവായ വിദ്വേഷത്തിൻ്റെ അരൂപിയെ തകർക്കാൻ കഴിയു. അവനു മാത്രമേ യുദ്ധത്തിൻ്റെയും നശീകരണത്തിൻ്റെയും പ്രണിതാക്കളെ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടുന്ന സമാധാന സ്ഥാപകരായി രൂപാന്തരപ്പെടുത്താൻ കഴിയൂ.


Related Articles »