News - 2025
പുതുവര്‍ഷത്തില്‍ പുതു പ്രതീക്ഷകള്‍: പൊന്തിഫിക്കല്‍ സംഘടനയുമായി തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ
27-01-2022 - Thursday
മൊസൂൾ : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചനം നേടിയതിന് ശേഷം ഇറാഖി ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോൾ തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ഇറാഖി ക്രൈസ്തവർ. തീവ്രവാദികൾ തകര്‍ത്ത ക്രൈസ്തവ ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും പുനര്‍ നിര്‍മ്മാണവും, ഇറാഖിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരക്കോഷ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നുവെങ്കിലും ഇറാഖിലെ ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും സന്ദിഗ്ദ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നു പ്രദേശവാസികൾ പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നോട് വെളിപ്പെടുത്തി.
ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ പരാജയവും, കൊറോണ പകര്‍ച്ചവ്യാധിയേയും ഭീകരവാദത്തേയും വകവെക്കാതെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനവും കഴിഞ്ഞ ഒരു ദശകമായി കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഇറാഖി ക്രൈസ്തവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജിഹാദി അധിനിവേശകാലത്ത് പലായനം ചെയ്ത നിരവധി ക്രിസ്ത്യാനികളാണ് അതിന് ശേഷം ജന്മദേശത്തേക്ക് തിരികെ വന്നത്. കഴിഞ്ഞ ദശകത്തെ വെച്ച് നോക്കുമ്പോള്‍ ക്രിസ്തുമസ്സിന്റേയും, പുതുവര്‍ഷത്തിന്റേയും അന്തരീക്ഷത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നു കവിയും മാധ്യമ പ്രവര്‍ത്തകനുമായ നമ്രൂദ് കാഷ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്'നോട് പറഞ്ഞു. വെല്ലുവിളികള്‍ ഉണ്ടെങ്കിലും അത് വകവെക്കാതെ തങ്ങള്‍ തങ്ങളുടെ പട്ടണത്തിലേക്ക് തിരികെ എത്തിയെന്നും, പട്ടണത്തിന്റെ പുനരുദ്ധാരണത്തിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവരുടെ രാഷ്ട്രീയ മേഖലയിലുള്ള അതിജീവനത്തെക്കുറിച്ചാണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമേര്‍ ഷാമൗണിന് പറയുവാനുണ്ടായിരുന്നത്. രാഷ്ട്രീയത്തിലെ ക്രൈസ്തവ സാന്നിധ്യം ഉറപ്പ് വരുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ക്രൈസ്തവരുടെ ഭരണഘടനാപരമായ മറ്റ് അവകാശങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക പോരാളി സംഘടനകള്‍ രാഷ്ട്ര സുസ്ഥിരതക്ക് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാണ് ക്വാരക്കോഷിലെ സെന്റ് ജോസഫ് സിറിയൻ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ഇസ്തെഫനോസ് അല്‍-കത്തീബ് പറഞ്ഞത്.
കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചയും, കൊള്ളയും, അഴിമതിയും വഴി അവര്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ കടക്കല്‍ കത്തിവെക്കുകയാണെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകയായ അമ്ര്‍ യല്‍ദാ തങ്ങളുടെ പഴയ ക്രിസ്തുമസ് പോലെ തന്നെയായിരുന്നു ഇത്തവണത്തെ ക്രിസ്തുമസെന്ന് പറഞ്ഞതിനോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷമുള്ള ക്രിസ്തുമസിനെ കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചു.