Thursday Mirror
പരിശുദ്ധ അമ്മയെ കൂട്ട്പിടിച്ച് യേശു നല്‍കുന്ന വിജയത്തിലേക്ക്; ഉസൈന്‍ ബോള്‍ട്ടിന്റെ കത്തോലിക്ക വിശ്വാസം നമ്മുക്ക് നല്‍കുന്ന സന്ദേശം
സ്വന്തം ലേഖകന്‍ 17-10-2017 - Tuesday
റിയോ: മിന്നലിന്റെ വേഗതയുള്ളവന്‍. ഒളിംമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മൂന്നു തവണ 100 മീറ്റര്‍ ഓട്ടത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി, ചരിത്രത്തില്‍ തന്റെ പേര് കുറിച്ചിട്ടവന്‍, വേഗതയുടെ രാജകുമാരന്‍ തുടങ്ങി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് വിശേഷണങ്ങള്‍ നിരവധിയാണ്. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ ശക്തമായ മൽസരം കാഴ്ചവച്ച യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ബോൾട്ട് 100 മീറ്ററിൽ ഹാട്രിക്ക് സ്വര്‍ണം തികച്ചത്. സെമിയിൽ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ബോൾട്ട്, ഫൈനലിൽ 9.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും 100 മീറ്റർ സ്വര്‍ണം ബോൾട്ടിനായിരുന്നു.
ഇനി നമ്മളില്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഈ വേഗരാജാവിന്റെ പൂര്‍ണ്ണ നാമം 'ഉസൈന്‍ സെയിന്‍റ് ലിയോ ബോള്‍ട്ട്' എന്നാണ്. 2008 മുതല്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ എന്ന ബഹുമതിക്ക് യോഗ്യനായ ബോള്‍ട്ട് ആഴമായ ബോധ്യമുള്ള കത്തോലിക്ക വിശ്വാസി ആണ്.
ബോള്‍ട്ട് മത്സരത്തിനായി ട്രാക്കില്‍ ഇറങ്ങുമ്പോള്‍ ലോകമെമ്പാടും കോടിക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ മത്സരം വീക്ഷിക്കുവാന്‍ ടെലിവിഷനു മുന്നില്‍ എത്തുന്നത്. ഗാലറിയില്‍ തിങ്ങി നിറയുന്ന ആളുകള്‍ ലക്ഷങ്ങള്‍. ഒരു പക്ഷേ ബോള്‍ട്ടിന്റെ മത്സരം നിങ്ങളും ആവേശത്തോടെ കണ്ടിട്ടുണ്ടാകാം.
ഇവരുടെ എല്ലാം മുമ്പില്‍ ശരവേഗത്തില്‍ മുന്നോട്ട് കുതിക്കുമ്പോഴും 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' ബോള്‍ട്ടിന്റെ കഴുത്തില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഴുത്തില്‍ മറ്റൊരു മാലയോ, ലോക്കറ്റോ, ടാറ്റുവോ ഇല്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. തന്റെ മഞ്ഞ ജേഴ്‌സിയുടെ മുകളില്‍ പരിശുദ്ധ അമ്മയുടെ അത്ഭുത മെഡല്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ബോള്‍ട്ടിന്റെ ഓട്ടം വീക്ഷിക്കുന്നവര്‍ക്ക് സുപരിചിതമായ കാഴ്ചയാണ്. പത്രങ്ങളിലും, മാസികകളിലും വരുന്ന തെളിമയാര്‍ന്ന ബോള്‍ട്ടിന്റെ ചിത്രങ്ങളില്‍ 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' കാണാം.
പരിശുദ്ധ അമ്മയുടെ അത്ഭുത മെഡലിനു ചുറ്റും ഫ്രഞ്ച് ഭാഷയില്‍ എഴുതിയിരിക്കുന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഇതാണ് "ഓ മരിയേ....ജന്മപാപമില്ലാതെ ജനിച്ചവളെ...പാപികളായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ..." ഈ പ്രാര്‍ത്ഥന നെഞ്ചോട് ചേര്‍ത്ത് ശരവേഗത്തില്‍ ഉസൈന്‍ കുതിക്കുന്നു.
പരിശുദ്ധ അമ്മയെ തന്റെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ കൂട്ട്പിടിച്ചു വിജയത്തിന്റെ ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ തന്നെ ബോള്‍ട്ടിന്റെ വലംകൈ പതിയെ ആകാശത്തിലേക്കു നോക്കി ഉയരും. താന്‍ വിജയിയായി മാറി എന്ന് പ്രഖ്യാപിക്കുന്നതിനും ആഹ്ലാദിക്കുന്നതിനുമല്ല. മറിച്ച് മാനവകുലത്തിന് രക്ഷ നേടി തന്ന ക്രിസ്തുവിലേക്ക് നോക്കി, തനിക്ക് വിജയം നല്കിയ ദൈവത്തിന് നന്ദി പറയാന്‍.
ത്രീത്വ സ്തുതി ചൊല്ലി മത്സരം ആരംഭിക്കുന്ന ബോള്‍ട്ട്, ഒടുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍യുയര്‍ത്തി വിജയകരമായി മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അത് ലോകത്തിന് നല്‍കുന്നത് പുതിയൊരു സന്ദേശമാണ്. വിജയത്തിന്റെ പരമോന്നതകോടിയില്‍ എത്തിയപ്പോഴും പരിശുദ്ധ അമ്മയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് 'ഉസൈന്‍ സെയിന്‍റ് ലിയോ ബോള്‍ട്ട്' യാതൊരു മടിയും കാണിച്ചില്ലയെന്നത് തന്നെ.
ഇതുപോലെ നമ്മള്‍ ജീവിതത്തില്‍ ഉന്നതിയുടെ പടവുകള്‍ കയറുംമ്പോള്‍, ദൈവത്തെ നാം മഹത്വപ്പെടുത്താറുണ്ടോ? മറ്റുള്ളവര്‍ക്ക് മുന്നില്‍ കത്തോലിക്ക വിശ്വാസം ഒരു സാക്ഷ്യമായി നല്‍കുന്നതില്‍ നാം വിമുഖത കാണിക്കാറുണ്ടോ? നൈമിഷികമായ ഈ ജീവിതത്തില്‍ ഏറെ വിചിന്തനം ചെയ്യേണ്ട ഒരു വിഷയമാണിത്.
റിയോ ഒളിംമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന പല അത്‌ലറ്റുകളും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തല്‍ താരങ്ങളായ മൈക്കിള്‍ ഫെല്‍പ്‌സും, കാറ്റി ലെഡിക്കിയും തങ്ങളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളെ കുറിച്ച് തുറന്ന്‍ പറഞ്ഞവരാണ്. ഇവരുടെ പട്ടികയിലേക്ക് വേഗതയുടെ രാജകുമാരനും തന്റെ പ്രവര്‍ത്തിയിലൂടെ മറ്റുള്ളവര്‍ക്ക് സാക്ഷ്യം നല്കുകയാണ്.
ആവേ മരിയ
#repost