News - 2024

2023-ൽ കൊല്ലപ്പെട്ടത്‌ ഇരുപത് കത്തോലിക്ക മിഷ്ണറിമാരെന്ന് വത്തിക്കാൻ

പ്രവാചകശബ്ദം 03-01-2024 - Wednesday

വത്തിക്കാൻ സിറ്റി: 2023-ൽ ഇരുപത് കത്തോലിക്ക മിഷ്ണറിമാർ കൊല്ലപ്പെട്ടതായി വത്തിക്കാനെ ഉദ്ധരിച്ച് പൊന്തിഫിക്കൽ വാർത്ത ഏജൻസിയായ ഏജൻസിയ ഫിഡെസ്. കൊല്ലപ്പെട്ടവരിൽ രണ്ട് അമേരിക്കൻ വൈദികരും ലോസ് ഏഞ്ചൽസ് സഹായ മെത്രാൻ ഡേവിഡ് ഒ കോണലും ഉൾപ്പെടുന്നു. ഒരു ബിഷപ്പ്, എട്ട് വൈദികർ, രണ്ട് സന്യസ്ഥർ, ഒരു സെമിനാരി വിദ്യാർത്ഥി, ഏഴ് അല്മായർ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മിഷ്ണറിമാരിൽ ഉൾപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഇത്തരത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. ഒൻപത് മിഷ്ണറിമാരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ഇവരിൽ അഞ്ച് വൈദികരും ഒരു സെമിനാരി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. ഇതിൽ നാലുപേർ നൈജീരിയയിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം അമേരിക്കയിൽ ആറ് മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ ഭൂഖണ്ഡത്തിൽ എല്ലാ കൊലപാതകങ്ങളും നടന്നത് മെക്സിക്കോയിലും അമേരിക്കയിയിലുമായാണ്. മരിച്ചവരിൽ ഒരു ബിഷപ്പും മൂന്ന് വൈദികരും രണ്ട് അൽമായ സ്ത്രീകളും ഉൾപ്പെടുന്നു. മെക്‌സിക്കൻ സംസ്ഥാനമായ ഒക്‌സാക്കയിൽ ദിവ്യകാരുണ്യ ഘോഷയാത്രയ്‌ക്കുള്ള യാത്രാമധ്യേ രണ്ട് വിശ്വാസ പരിശീലകർ കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം ഏഷ്യയിൽ നാല് അൽമായരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു മിഷ്ണറിമാർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മിൻഡനാവോയിൽ നടന്ന ദിവ്യബലിയ്‌ക്കിടെ ബോംബ് സ്‌ഫോടനത്തിൽ കോളേജ് വിദ്യാർത്ഥികളായ ജുൻറേ ബാർബന്റെയും ജാനിൻ അരീനസുമാണ് മരിച്ചത്. യൂറോപ്പിൽ ഒരു മിഷ്ണറിയാണ് കൊല്ലപ്പെട്ടത്. സ്‌പെയിനിലെ അൽജെസിറാസിലെ ന്യൂസ്ട്ര സെനോറ ഡി ലാ പാൽമ ഇടവകയിലെ ദേവാലയ ശുശ്രൂഷിയായ ഡീഗോ വലൻസിയ എന്ന വ്യക്തിയാണ് അഭയാർത്ഥിയുടെ വടിവാൾ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.


Related Articles »