News

സായുധ സംഘത്തിന് കീഴിലുള്ള തടങ്കൽ ദിനങ്ങൾ പ്രാർത്ഥനയുടെ അവസരമാക്കി മാറ്റി; തടങ്കൽ ദിനങ്ങൾ ഓർത്തെടുത്ത് മിഷ്ണറി വൈദികൻ

പ്രവാചകശബ്ദം 25-01-2024 - Thursday

റോം: തടവറയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുത്ത് ബമാകോയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ആഫ്രിക്കയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറി വൈദികൻ ഫാ. ഹാൻസ്-ജോവാക്കീം ലോഹർ. 2022 നവംബർ 22-നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിലെ ബമാകോയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്ന ജർമ്മൻ മിഷ്ണറി, ഫാ. ഹാൻസ്-ജോവാക്കീം ലോഹ്റെയെ ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ ഇടവകക്കാർ വൈദികന്റെ കുരിശ് മാത്രമാണ് കണ്ടെത്തിയത്. മുന്നൂറ്റിഎഴുപത് ദിവസം സഹേലിൽ തടങ്കലിലായിരുന്നു അദ്ദേഹം.

മോചിതനായതിനുശേഷം സംഘടിപ്പിച്ച റോമിലെ തന്റെ ആദ്യ പൊതുസമ്മേളനത്തിൽ, പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി നീക്കിവച്ചിരുന്ന സമയമെന്നായിരുന്നു തന്റെ തടങ്കൽ ദിനങ്ങളെ വൈദികൻ വിശേഷിപ്പിച്ചത്. ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിൽ, തന്നെ കൈയ്യാമം വെച്ചു , മുഖംമൂടി ധരിപ്പിച്ച്‌ കാറിൽ തട്ടികൊണ്ടുപോയത് അൽക്വയ്ദ തീവ്രവാദികളായിരിന്നു.

"ഞാൻ എന്റെ രാജാവിനെ സ്നേഹിക്കുന്നു" എന്ന് എഴുതിയ ഒരു ടി-ഷർട്ട് ഒഴികെ പുരോഹിത വസ്ത്രങ്ങളും സാമഗ്രികളും, ബൈബിളും, ജപമാലയും ഉൾപ്പെടെ, എല്ലാ സാധനങ്ങളും അവർ അപഹരിച്ച്‌ അഗ്നിക്കിരയാക്കി. പക്ഷേ അവർക്ക് തൻ്റെ വിശ്വാസത്തെ അപഹരിക്കാൻ സാധിച്ചില്ല. ബന്ദികളാക്കപ്പെട്ട വൈദികരുടെ മോചനത്തിനു സാധാരണ നാല് വർഷമെങ്കിലുമെടുക്കുമെന്ന് പറഞ്ഞ ഫാ. ഹാൻസ്, ഒരു വർഷത്തിന് ശേഷമുള്ള തന്റെ മോചനം പ്രതീക്ഷിച്ചില്ലെന്നും, ഇതൊരത്ഭുതമാണെന്നും കൂട്ടിച്ചേർത്തു.

ജിഹാദികൾ തന്നെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. തന്റെ വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്തു. മനഃപാഠമാക്കിയ ബൈബിൾ ഭാഗങ്ങളാണ് ഈ അഗ്നിപരീക്ഷയിൽ തന്നെ അനുഗമിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ഡിസംബർ മാസാവസാനം മരുഭൂമിയിലേയ്ക്ക് ഫാ. ഹാൻസിനെ കൊണ്ടുപോയിരിന്നു. അന്നു മുതലാണ് യഥാർത്ഥ പ്രാർത്ഥനാനുഭവ ധ്യാനത്തിലേയ്ക്ക് പ്രവേശിച്ചതെന്ന് വൈദികൻ പറയുന്നു. 24 ൽ 22 മണിക്കൂറും ഒരു ടാർപോളിനടിയിലായിരുന്ന അദ്ദേഹത്തെ, പിന്നീട് മലയോര പ്രദേശത്തേയ്ക്ക് കൊണ്ടുപോയി. ബമാകോ സമൂഹത്തിലാണെന്ന് സങ്കല്പിച്ചുകൊണ്ടു രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കുർബാന അർപ്പണം അന്നു നടന്നു.

അനുദിന വിശുദ്ധരെയും തന്റെ തടങ്കലിലുടനീളം തനിക്ക് കൂട്ടായിരുന്ന മൂന്ന് വിശുദ്ധരായ വിശുദ്ധ ബകീത്ത,തുവാരെഗ് ജനതയുടെ അപ്പോസ്തോലനായ വിശുദ്ധ ചാൾസ് ഡി ഫൂക്കോൾഡ്, വിശുദ്ധ ജോൺ ദി ബാപ്റ്റിസ്റ് എന്നിവരുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുമാണ് തൻ്റെ സാധാരണ ദിവസം ആരംഭിക്കുന്നത്. ആ നാളുകളിൽ മാലിയൻ സഹോദരങ്ങൾക്കും വേണ്ടി, അവരുടെ നിയോഗങ്ങൾക്ക് വേണ്ടി ജപമാലയും മറ്റ് പ്രാർത്ഥനകളുമായി സമയം ചെലവിടുമായിരിന്നു.

കഠിന ദുഃഖത്തിലായവർക്ക് തന്റെ തടങ്കലിൽ താൻ കണ്ടെത്തിയ ശാന്തത ലഭിക്കുന്നതിന് പ്രത്യേകം പ്രാർത്ഥിച്ചതായും കൂട്ടിച്ചേർത്തു. ഒടുവിൽ, 2023 നവംബർ 26-ന് മോചിതനായി. ജർമനിയിലെ വൈറ്റ് ഫാദേർസിൽ ചേർന്ന ഫാ. ഹാൻസ്, മാലിയിൽ 28 വർഷം അവിടെ ചെലവഴിച്ചുകൊണ്ട്, മതാന്തര സംവാദ മേഖലയിൽ പ്രവർത്തിച്ചു വരികയായിരിന്നു. പുതിയ ദൗത്യത്തിനായി കാത്തിരിക്കുന്ന ഫാ. ഹാൻസ് ജോവാക്കീം ലോഹ്റെ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.


Related Articles »