India - 2025
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ച് കേരള ലത്തീൻ സഭയിലെ മെത്രാന്മാർ
പ്രവാചകശബ്ദം 13-01-2024 - Saturday
കൊച്ചി: സീറോ മലബാർസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ച് കേരള ലത്തീൻ സഭയിലെ മെത്രാന്മാർ സീറോ മലബാർ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി. കേരള ലത്തീൻ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആരംഭിക്കുന്ന ദ്വിദിന അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ മെത്രാന്മാരാണ് സീറോ മലബാർ സഭാ ആസ്ഥാനത്തെത്തിയത്.
കേരള ലത്തീൻ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ എന്നിവരാണ് സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായ മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ചത്.
സീറോ മലബാർ സഭയെ വിശ്വാസവീഥിയിൽ നയിക്കാനുള്ള കഴിവും അനുഗ്രഹവും ദൈവം മാർ തട്ടിലിന് പ്രദാനം ചെയ്യട്ടെയെന്ന് ബിഷപ്പുമാർ ആശംസിച്ചു. തൃശൂർ രൂപതാ സഹായ മെത്രാനായിരിക്കെ സാംസ്‌കാരിക നഗരിയുടെ മനം കവർന്ന തട്ടിൽ പിതാവിന് സീറോ മലബാർ സഭയെ ഒന്നിച്ചണിനിരത്താൻ സാധിക്കുമെന്ന പ്രത്യാശ അവർ പങ്കുവച്ചു. മാര്‍ റാഫേൽ തട്ടിൽ നന്ദി പ്രകാശിപ്പിച്ചു. നമുക്ക് ഒന്നിച്ച് കൈകോർത്ത് സഭയെ നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ കാപ്പിസ്റ്റൻ ലോപ്പസ് എന്നിവരും സന്നിഹിതരായിരുന്നു.