India - 2024

മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച് ബിഷപ്‌സ് ഹൗസിൽ സ്വീകരണം

പ്രവാചകശബ്ദം 14-01-2024 - Sunday

കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച്ബിഷപ്‌സ് ഹൗസിൽ സ്വീകരണം നൽകി. സിനഡ് സമ്മേളനം സമാപിച്ചതിനുശേഷമാണ് അതിരൂപത ആസ്ഥാനത്തേക്കു മേജർ ആർച്ച് ബിഷപ്പ് എത്തിയത്.

അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ബോസ്കോ പുത്തൂരിൻ്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ്പുമാരായ ആൻ്റണി കരിയിൽ, മാർ കുര്യാക്കോസ് ഭരണി കുളങ്ങര, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും അതിരൂപത ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരും വൈദികരും സന്യസ്തതരും അല്‌മായരും ചേർന്ന് പുതിയ മേജർ ആർച്ച്‌ബിഷപ്പിനെ സ്വീകരിച്ചു.

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തിയ മേജർ ആർച്ച് ബിഷപ്പ് മുൻഗാമികളുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. ആർച്ച് ബിഷപ്സ് ഹൗസിലെ ചാപ്പലിൽ ഒരുക്കിയ പ്രാർത്ഥനാ ശുശ്രൂഷയിലും മേജർ ആർച്ച് ബിഷപ്പ് പങ്കുചേർന്നു.അത്താഴത്തോടൊപ്പം ക്രമീകരിച്ചിരുന്ന യോഗത്തിൽ മാർ ബോസ്കോ പുത്തൂരും അതിരൂപത വികാരി ജനറാൾ മോൺ. വർഗീസ് പൊട്ടയ്ക്കലും പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ് മറുപടി പ്രസംഗം നടത്തി.


Related Articles »