India - 2025
മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത
പ്രവാചകശബ്ദം 15-01-2024 - Monday
തൃശൂർ: സീറോമലബാർ സഭയുടെ പരമാധ്യക്ഷനായശേഷം ആദ്യമായി സ്വന്തം മണ്ണിലെത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളവും ഹൃദ്യവുമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത. ബിഷപ്പുമാരും തൃശൂരിൻ്റെ സാമൂഹ്യ - രാഷ്ട്രീയ - സമു ദായ മേഖലകളിൽനിന്നുള്ള പ്രമുഖരുമടക്കം വ്യാകുലമാതാവിൻ ബസിലിക്കയിലും അങ്കണത്തിലും തിങ്ങിനിറഞ്ഞവർ തൃശൂരിൻ്റെ പുത്രനു ലഭിച്ച പരമോന്നത പദവിയുടെ അത്യാഹ്ലാദം ആഘോഷപൂർവം പങ്കിടുവാന്‍ എത്തിയിരിന്നു. അതിരൂപതയുടെയും തൃശൂർ പൗരാവലിയുടെയും നേതൃത്വത്തിലായിരിന്നു സ്വീകരണം.
ഉച്ചകഴിഞ്ഞ് മൂന്നോടെ മാർ റാഫേൽ തട്ടിലിനെ ഹൈറോഡിൽനിന്നു പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചാനയിച്ചു. പതിവുപോലെ നിറചിരിയുമായി എത്തിയ വലിയ ഇടയനെ മുത്തുക്കുടകളുടെയും ബാൻഡ് മേള ത്തിന്റെയും അകമ്പടിയോടെയാണ് സ്വന്തം ഇടവകയായ ബസിലിക്കയിലേക്ക് ആനയിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീല ങ്കാവിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ബോസ്കോ പുത്തൂർ എന്നിവർ മേജർ ആർച്ച്ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. ബസിലിക്ക അങ്കണത്തിൽ തിങ്ങിക്കൂടിയവർ ഹർഷാരവം മുഴക്കി.
മാർ താഴത്തിന്റെ സ്വാഗത സന്ദേശത്തിനു ശേഷം മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ ആൻ്റണി ചിറയത്ത്, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തുടങ്ങിയവർ സഹകാർമികരായി. തുടർന്ന് പൊതുസമ്മേളനവുമുണ്ടായിരുന്നു.