India - 2024
ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയും നേരിടുന്നു: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
പ്രവാചകശബ്ദം 04-07-2024 - Thursday
തൃശൂർ: ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയുമാണു നേരിടുന്നതെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ജൂലൈ മൂന്നിലെ അവകാശദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ചു തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും കത്തോലിക്ക കോൺഗ്രസും സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിർമിതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സമുദായം ഇന്ന് എല്ലാക്കാര്യത്തിലും പിന്നാക്കം പോയി. കരഞ്ഞാൽ മാത്രമേ കിട്ടു എന്ന സ്ഥിതിയായി. ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളും പിഎസ്‌സി കോച്ചിംഗ് അടക്കം കിട്ടുന്നത് ആർക്കാണെന്നു ചിന്തിക്കണം. രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സമുദായം ഇന്നും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാതെ പോകുന്നതു വേദനാജനകമാണെന്നു ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്രൈസ്തവ സമൂഹം വിവിധ മേഖലകളിൽ നേരിടുന്ന പിന്നാക്കാവസ്ഥയെ ക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോ ശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തി നടപ്പാക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അയ്യന്തോൾ പള്ളിയിൽനിന്ന് ആരംഭിച്ച കളക്ടറേറ്റ് റാലിയുടെ ഫ്ളാഗ് ഓഫ് മോൺ. ജോസ് കോനിക്കര നിർവഹിച്ചു. അവകാശ ദിനാചരണത്തോടനുബ ന്ധിച്ച് അതിരൂപതയിലെ ഇരുനൂറിലേറെ ഇടവകപ്പള്ളികളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകവികാരിമാരുടെ നേതൃത്വത്തിൽ പൊതു യോഗം ചേർന്നു. അവകാശദിന പ്രമേയം പാസാക്കി. ഒപ്പുശേഖരണവും നടത്തി.