News - 2024

സിറിയയിൽ നിന്ന് പലായനം ചെയ്ത ക്രൈസ്തവരുടെ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ഓഫീസ്

പ്രവാചകശബ്ദം 16-02-2024 - Friday

റാക്ക (സിറിയ): ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും കൊണ്ട് പൊറുതി മുട്ടി പലായനം ചെയ്യേണ്ടി വന്ന ക്രൈസ്തവരുടെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിന് വേണ്ടി സിറിയയിൽ ഹൈക്കമ്മറ്റി ഫോർ റിയൽ എസ്റ്റേറ്റ് എന്ന പേരിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 2014 ജനുവരി മുതൽ 2017 ഒക്ടോബർ വരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന തലസ്ഥാനമാക്കിവെച്ചിരുന്ന റാക്കയിലാണ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ പ്രദേശം ഭരിക്കുന്ന ശക്തികളിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ എങ്ങനെ നയം രൂപീകരിക്കാമെന്നതിന്റെ തെളിവാണ് തങ്ങളുടെ ഈ പദ്ധതിയെന്ന് ഹൈക്കമ്മറ്റി ഫോർ റിയൽ എസ്റ്റേറ്റ് സെക്രട്ടറി ഫാദ്ജ് ജാജോ, സിറിയക്ക് പ്രസ്സ് എന്ന മാധ്യമത്തോട് പറഞ്ഞു.

അമേരിക്കയുടെ പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് റാക്ക നഗരം തീവ്രവാദികളിൽ നിന്നും മോചിപ്പിച്ചത്. ഇതിനുശേഷം സിറിയൻ സർക്കാരിന്റെ പിന്തുണയില്ലാത്ത ഡെമോക്രാറ്റിക് ഓട്ടോണമസ് അഡ്മിനിസ്ട്രേഷൻ ഓഫ് ദ റീജിയൻ ഓഫ് നോർത്ത് ആൻഡ്, ഈസ്റ്റ് സിറിയ എന്ന സംഘടനയാണ് പ്രദേശം ഭരിക്കുന്നത്. അവർക്ക് അമേരിക്കയുടെ പിന്തുണയുണ്ട്. അർമേനിയൻ, സിറിയൻ, അസീറിയൻ ക്രൈസ്തവർ ഇവിടെനിന്ന് പലായനം ചെയ്തത് മുതലെടുത്ത്, അനധികൃതമായി കൈവശപ്പെടുത്തിയ അവരുടെ സ്വത്ത് വകകൾ അവർക്ക് തിരിച്ചു നൽകുന്നതിന് വേണ്ടി കമ്മിറ്റിയുടെ അഡ് ഹോക്ക് വിഭാഗം സ്വത്തുവകകളുടെ കണക്കെടുപ്പ് നടത്തുമെന്ന് ഫാദ്ജ് ജാജോ പറഞ്ഞു.

വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സ്വത്തുക്കളും, വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്മിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അർമിൻ മർഡോയിയന്‍ പറഞ്ഞു. പ്രദേശത്തെ ഭരണകൂടവുമായി സഹകരിച്ച് സ്വത്തുക്കൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് ആരംഭിച്ച ആഭ്യന്തരയുദ്ധവും പില്‍ക്കാലത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും സിറിയൻ ക്രിസ്ത്യാനികളുടെ ജീവിതം താറുമാറാക്കുകയായിരിന്നു. നിലനില്‍പ്പിന് വേണ്ടി പോരാടിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.


Related Articles »