News

കുഞ്ഞുങ്ങള്‍ക്കു ഈശോയെ പകരാന്‍ മോണ്ടിസോറി സമൂഹത്തിൽ ആദ്യമായി നിത്യവ്രത വാഗ്ദാനം

പ്രവാചകശബ്ദം 20-02-2024 - Tuesday

നോര്‍ത്ത് ഡകോട്ട: കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച വിദ്യാഭ്യാസ രീതിയായ മോണ്ടിസോറി രീതിയുടെ പ്രചരണത്തില്‍ ഊന്നി രൂപം നല്‍കിയ സേർവെൻറ്സ് ഓഫ് ദ ചിൽഡ്രൻ ഓഫ് ലൈറ്റ് സമൂഹത്തില്‍ ആദ്യ നിത്യവ്രത വാഗ്ദാനം. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയായിരിന്നു വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.

1950ൽ താൻ രൂപം നൽകിയ വിദ്യാഭ്യാസ രീതി മുമ്പോട്ട് കൊണ്ട് പോകാൻ ഒരു സന്യാസ സമൂഹം ഉടലെടുക്കണമെന്ന ആഗ്രഹത്തെ പറ്റി ഡോ. മരിയ മോണ്ടിസോറി എഴുതിയിരിന്നു. 74 വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സഫലമായിരിക്കുകയാണ്. കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായി മോണ്ടിസോറി വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സംസ്ഥാനമായ നോർത്ത് ഡാകോട്ടയിലെ ബിസ്മാര്‍ക്കിലാണ് സന്യാസ സമൂഹം രൂപം എടുത്തിരിക്കുന്നത്.

മരിയ മോണ്ടിസോറിയുടെ ആഗ്രഹം സഫലീകരിച്ച് 'സേർവെൻറ്സ് ഓഫ് ദ ചിൽഡ്രൻ ഓഫ് ലൈറ്റ്' എന്ന പേര് നല്കിയിരിക്കുന്ന സന്യാസി സമൂഹം മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്തതാണ്. നിത്യവ്രത വാഗ്ദാനം സ്വീകരിച്ച മദർ ചിയാറ തെരേസ്സും, നോവിഷ്യേറ്റ് ചെയ്യുന്ന സിസ്റ്റർ ലൂസിയ റോസും ആണ് സമൂഹത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ. ജനുവരി ആറാം തീയതി, ക്രിസ്തുവിൻറെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിലാണ് ചിയാറ തെരേസ്സ് നിത്യവൃത വാഗ്ദാനം സ്വീകരിച്ചത്. അന്നേദിവസം സിസ്റ്റർ ലൂസിയ സന്യാസ വസ്ത്രവും സ്വീകരിച്ചു.

ഇങ്ങനെ ഒരു സന്യാസ സമൂഹം തുടങ്ങാനുള്ള പ്രചോദനം പരിശുദ്ധാത്മാവായിരുന്നുവെന്ന് മദർ ചിയാറ തെരേസ്സ് 'അലെറ്റേയ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യരാശിക്ക് ആവശ്യം വരുമ്പോൾ എല്ലാം, കർത്താവ് ഒരു സന്യാസ സമൂഹത്തെ നൽകി ആവശ്യത്തിന് ഉത്തരം നൽകാറുണ്ട്. പ്രാദേശിക മെത്രാനുമായി ഇതിനുവേണ്ടി ഒരുപാട് കൂടിയാലോചനകൾ നടത്തിയെന്നും പ്രാർത്ഥനയ്ക്ക് മുഖ്യ പ്രാധാന്യം നൽകുന്ന സന്യാസ സമൂഹമാണ് തങ്ങളെന്നും മദർ പറഞ്ഞു.

മാണ്ടനിലുള്ള ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് മോണ്ടസോരി സ്കൂളിലാണ് സന്യാസ സമൂഹം ഇപ്പോൾ സേവനം ചെയ്യുന്നത്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ കൂടാതെ കുഞ്ഞുങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ കഴിയുക എന്ന ലക്ഷ്യം കൂടി ഇവര്‍ മുന്‍പോട്ടുവെയ്ക്കുന്നു. മരിയ മോണ്ടിസോറി ഇങ്ങനെ ഒരു രീതിയായിരുന്നു അവലംബിച്ചിരുന്നത്. സൃഷ്ടാവിന്റെ സ്വന്തമായ, പുതിയതും പകരംവെക്കാൻ സാധിക്കാത്തതുമായ സൃഷ്ടിയായിട്ടായിരുന്നു കുട്ടികളെ അവർ കണ്ടിരുന്നത്. ദൈവത്തിൻറെ സൃഷ്ടിയുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഈ വിദ്യാഭ്യാസ രീതി കുട്ടികളെ സഹായിക്കുകയാണെന്നും മദർ ചിയാറ പ്രതീക്ഷ പ്രകടിപ്പിച്ചു.


Related Articles »