Videos

“മാംസം ധരിച്ച വചനം” | നോമ്പുകാല ചിന്തകൾ | പതിമൂന്നാം ദിവസം

പ്രവാചകശബ്ദം 24-02-2024 - Saturday

ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജെറമിയാ 32:27).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിമൂന്നാം ദിവസം ‍

ഈശോ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നതായി നാം സുവിശേഷത്തിൽ ഉടനീളം കാണുന്നുണ്ട്. ഈശോ രോഗികളെ സുഖപ്പെടുത്തുമ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോഴും പിശാചുക്കളെ പുറത്താക്കുമ്പോഴും അവിടുന്ന് യാതൊരു പ്രാർത്ഥനയും ഉരുവിടാതെയാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവിടുത്തേക്ക് ആരുടെയും സഹായം ആവശ്യമില്ലായിരുന്നു കാരണം അവിടുന്ന് ദൈവമായിരുന്നു.

ഇതേക്കുറിച്ച് സഭാപിതാവായ അലക്‌സാൻഡ്രിയയിലെ സിറിൽ ഇപ്രകാരം പറയുന്നു:

യാതൊരു പ്രാര്‍ത്ഥനയും ഉരുവിടാതെയാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ഈ പ്രവര്‍ത്തികള്‍ സാക്ഷാത്ക്കരിക്കാന്‍ മറ്റാരുടെയെങ്കിലും ശക്തി അവിടുന്ന് അന്വേഷിച്ചതുമില്ല. പിതാവായ ദൈവത്തിന്റെ സജീവവും പ്രവര്‍ത്തനനിരതവുമായ വചനമാണ് അവന്‍. അവനിലൂടെയാണ് സകലതും നിലകൊള്ളുന്നത്. അവനിലാണ് സകലതും ആയിരിക്കുന്നതും.

സുവിശേഷത്തിൽ കാണുന്ന, ഈശോ പ്രവർത്തിക്കുന്ന അത്ഭൂതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവത്തിന്റെ വചനം മാംസമായി അവതരിച്ചവനാണ് അവിടുന്ന് എന്ന സത്യം ലോകത്തിന് വെളിപ്പെടുത്തി. ദൈവം തന്റെ വചനമയച്ച് മനുഷ്യനെ രക്ഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനം എന്നത് ഏതാനും വാക്കുകളല്ല. അത് അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവാണ്.

നൂറ്റിയേഴാം സങ്കീർത്തനം ഇരുപതാം വാക്യം ഇപ്രകാരം പറയുന്നു:" അവിടുന്നു തന്റെ വചനം അയച്ച് അവരെ സഖ്യമാക്കി. വിനാശത്തിൽ നിന്നും വിടുവിച്ചു". അതിനാൽ പിതാവായ ദൈവം തന്റെ വചനം മാംസം ധരിച്ച പുത്രനായ ദൈവത്തെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് നമ്മെ രക്ഷിക്കുവാനും സൗഖ്യപ്പെടുത്തുവാനുമാണ്.

അതിനാൽ നമ്മുടെ ജീവിതത്തിൽ വേദനകളും തകർച്ചകളും ഉണ്ടാകുമ്പോൾ നമ്മെ രക്ഷിക്കുവാനും സൗഖ്യപ്പെടുത്തുവാനും കാത്തിരിക്കുന്ന ഒരു ദൈവം നമ്മുക്കുണ്ട്. അവന്റെ നാമം യേശുക്രിസ്‌തു എന്നാണ്. ജെറമിയാ പ്രവാചകനിലൂടെ അവിടുന്ന് പറയുന്നു: ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജെറമിയാ 32:27)


Related Articles »