India - 2024

ഏഴാമത് കുളത്തുവയൽ തീർത്ഥാടനം നാളെ

പ്രവാചകശബ്ദം 20-03-2024 - Wednesday

കുളത്തുവയൽ: നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് കുളത്തുവയൽ തീർത്ഥാടനം നാളെ രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടർച്ചയായി ചൊല്ലി 35 കിലോമീറ്റർ കാൽ നടയായുള്ള തീർത്ഥാടനം താമരശേരി അൽഫോൻസാ സ്‌കൂൾ, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയൽ സെൻ്റ ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.

മരുതോങ്കര ഫൊറോനയിൽ നിന്നും പുലർച്ചെ നാലിന് ആരംഭിക്കുന്ന തീർത്ഥാടനം ചെമ്പനോട, പെരുവണ്ണാമൂഴി വഴി കുളത്തുവയലിൽ എത്തിച്ചേരും.തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്കുപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിക്കും. വൈദികരും, സന്യസ്‌തരും അടങ്ങുന്ന ആയിരകണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേരും. യുദ്ധക്കെടുതികൾ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയിൽ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കർഷകരെയും പരീക്ഷയെഴുതുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും തീർത്ഥാടനത്തിൽ പ്രത്യേക നിയോഗമായി സമർപ്പിക്കും.


Related Articles »