News - 2025

പനിയോ അണുബാധയുടേയോ ലക്ഷണങ്ങളോ ഇല്ല; പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 02-03-2025 - Sunday

വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ പങ്കുവെച്ച് വത്തിക്കാന്‍. പാപ്പയ്ക്കു നിലവില്‍ പനിയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലായെന്നും നോൺ-ഇൻവേസിവ് വെൻ്റിലേഷനും ഓക്സിജൻ തെറാപ്പിയും തമ്മിൽ മാറിമാറി നടത്തുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ശനിയാഴ്ച വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് മോശമാകുകയായിരിന്നു. ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായത്. ഇതേ തുടര്‍ന്നു മെക്കാനിക്കൽ വെൻ്റിലേഷൻ നല്‍കാന്‍ തുടങ്ങിയിരിന്നു.



ഇന്നലെ ശനിയാഴ്ച, റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു ജൂബിലി തീർത്ഥാടനം നടത്തി പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. മഴയെ അവഗണിച്ചായിരിന്നു ആരോഗ്യപ്രവര്‍ത്തകരുടെ തീര്‍ത്ഥാടനം. ജൂബിലി വാതിലിലൂടെ പ്രവേശിച്ച ആശുപത്രി ജീവനക്കാര്‍ വത്തിക്കാനിൽ വിശുദ്ധ കുർബാന അര്‍പ്പണത്തിലും പങ്കുചേര്‍ന്നു.


Related Articles »