News

കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്ന ബോധ്യം വളർത്തുക: ഫ്രാൻസിസ് പാപ്പാ

പ്രവാചക ശബ്‌ദം 09-06-2024 - Sunday

കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു.

2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിലായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്.

ജൂൺ ആറാം തിയതി വൈകിട്ട് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഓട്ടാവിയയിലെ ചരൽ വിരിച്ച തറയും ഇഷ്ടിക മതിലും, മരങ്ങളും വള്ളിച്ചെടികളും തിങ്ങിയ ഗാര്യേജിൽ ഷട്ടറിട്ടു മറച്ച കാറുകൾക്കു മുന്നിൽ ഒരു കസേരയിൽ ഇരുന്നാണ് പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തിയത്. അത്ഭുതം കൂറിയ കണ്ണുകളോടെ ഏതാണ്ട് മുപ്പതോളം കുടുംബങ്ങൾ അവിടെ സന്നിഹിതരായിരുന്നു.

കുട്ടികളെ വളർത്തിയെടുക്കാൻ അത്യാവശ്യമായ കുടുംബമെന്ന സംവിധാനത്തെ പരിരക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പാ കുടുംബത്തിൽ ഉണ്ടാവുന്ന വാക്കുതർക്കങ്ങളും, ചിലപ്പോഴുണ്ടാകുന്ന വേർപിരിയലുകളുമാകുന്ന കൊടുങ്കാറ്റുകൾക്കുമപ്പുറം നിരാശരാകാതെ ദിവസം അവസാനിക്കും മുമ്പ് സമാധാനം പുന:സ്ഥാപിക്കാൻ പരിശ്രമിക്കാൻ ആവശ്യപ്പെട്ടു. ക്ഷമിക്കൂ (Sorry)എന്നും ദയവായി (Please) നന്ദി ( Thank you) എന്നുമുള്ള വാക്കുകളുടെ ഉപയോഗം ബന്ധങ്ങൾ പ്രായോഗികമാക്കാൻ ഉതകുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ തമ്മിലുള്ള സ്നേഹമാണ് പ്രചോദനം എന്നും, പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ പരസ്പരം മോശം പറയുന്നത് ഒഴിവാക്കണമെന്നും പാപ്പാ ഉപദേശിച്ചു.

വിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും എന്ന യുവാക്കളുടെ ചോദ്യത്തിനു മറുപടിയായി സാക്ഷ്യം മാത്രമാണ് ഏക വഴി എന്നായിരുന്നു പാപ്പായുടെ ഉത്തരം. ചരിത്രം മുന്നോട്ടു കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം യുവാക്കൾക്കാണെന്നും വീഴ്ചകളിൽ തളരാതെ എഴുന്നേറ്റ് മുന്നോട്ടു നീങ്ങുവാനും അവരെ പ്രോത്സാഹിപ്പിച്ചു.

സഭയുമായി കുഞ്ഞുങ്ങളെ അടുത്തു നിർത്താൻ സാക്ഷ്യം മാത്രമാണ് വഴിയെന്ന് വീണ്ടും മാതാപിതാക്കളുടെ ചോദ്യത്തിന് ഉത്തരമായി പാപ്പാ വിശദീകരിച്ചു. അത് കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ പരസ്പര സ്നേഹമാണ് കുട്ടികൾ മനസ്സിലാക്കേണ്ടത്. എന്നാൽ പരസ്പരം തർക്കിക്കേണ്ടി വരുമ്പോൾ അതു കുട്ടികളുടെ മുന്നിൽ വച്ചു ചെയ്യാതിരിക്കാൻ പരിശ്രമിക്കാനും പാപ്പാ ആവശ്യപ്പെട്ടു. നല്ല പാഠങ്ങൾ വീട്ടിൽ നിന്നാണ് പഠിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.