News - 2025
ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ എസിഎന്‍ ചെലവിട്ടത് 144 മില്യണ്‍ യൂറോ
പ്രവാചകശബ്ദം 21-06-2024 - Friday
റോം: ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ ചെലവിട്ടുവെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. യുക്രൈന്‍, സിറിയ, ലെബനോൻ എന്നിവയാണ് കൂടുതൽ പണം ലഭ്യമാക്കിയ രാജ്യങ്ങളെന്നും സംഭാവനകളിലൂടെ മുൻവർഷങ്ങളിലെ സാമ്പത്തിക സമാഹരണത്തിനുള്ള തുക നിലനിർത്തിയതായി സംഘടന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇരുപത്തിമൂന്നിലധികം രാജ്യങ്ങളിൽ ഫൗണ്ടേഷനുള്ള ഏകദേശം 3,60,000 ആളുകളുടെ സഹായമാണ് പീഡിത ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുവാന്‍ സംഘടനയ്ക്കു ബലമേകിയത്.
ഫണ്ട് ലഭ്യമല്ലാത്തപ്പോൾ പോലും സഹായിക്കുവാന്‍ കഴിയുന്നത് യഥാർത്ഥ അത്ഭുതത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും 1947 മുതൽ ഇത് വിജയകരമായി ചെയ്തുവരുകയാണെന്നും ദൈവീകമായ കരുതലിന്റെ അടയാളമായാണ് ഇതിനെ നോക്കി കാണുന്നതെന്നും എസിഎന്നിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റ് റെജീന ലിഞ്ച് പറഞ്ഞു. വാർഷിക പ്രവർത്തനങ്ങളുടെ സംഗ്രഹം എല്ലാറ്റിനുമുപരിയായി ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ നിന്ന് ഏറ്റവും കൂടുതൽ സഹായം ലഭിച്ച രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് യുക്രൈനാണ്. 7.5 ദശലക്ഷം യൂറോയുടെ സഹായം യുക്രൈന് ലഭ്യമാക്കിയപ്പോള്‍ സിറിയയില്‍ 7.4 ദശലക്ഷം, ലെബനോനില്‍ 6.9 ദശലക്ഷം എന്നിവയാണ് സഹായമെത്തിച്ചത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലായാണ് സംഘടന കൂടുതല്‍ സഹായം എത്തിച്ചത്. ഇസ്ലാമിക തീവ്രവാദത്തിൻ്റെ വ്യാപനം ഭൂഖണ്ഡത്തിലെ ക്രിസ്ത്യാനികൾക്ക് വലിയ കഷ്ടപ്പാടുകളും വേദനയും ഉണ്ടാക്കുന്നുവെന്നു അധികൃതര്‍ പറഞ്ഞു. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എസിഎന്‍. പീഡിത ക്രൈസ്തവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും സംഘടന ശ്രമിക്കുന്നുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟