News - 2025

ആഗോള തലത്തില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു എ‌സി‌എന്‍ ലഭ്യമാക്കിയത് 158 മില്യണ്‍ ഡോളറിന്റെ സഹായം

പ്രവാചകശബ്ദം 18-06-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു കഴിഞ്ഞ വര്‍ഷം 158 മില്യണ്‍ ഡോളറിന്റെ സഹായം ലഭ്യമാക്കിയതായി കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യം യുക്രൈനാണ്. മൊത്തം സഹായത്തിന്റെ 10% യുക്രൈനാണ് ലഭ്യമാക്കിയത്. ആഫ്രിക്കയാണ് ഏറ്റവും കൂടുതൽ സഹായം ലഭിച്ച ഭൂഖണ്ഡം. അതേസമയം 158 മില്യണ്‍ ഡോളറിന്റെ സഹായ കഴിഞ്ഞവർഷം സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി എസിഎൻ ഉപയോഗിച്ചത് റെക്കോർഡാണ്. 364,000 -ത്തോളം വരുന്ന സാധാരണക്കാരാണ് ഇത്രയും പണം സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് നൽകിയതെന്നതും ശ്രദ്ധേയമാണ്.

2021ന് അപേക്ഷിച്ചു നോക്കുമ്പോൾ 13 മില്യണ്‍ ഡോളര്‍ അധികമായാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ദൈവം തങ്ങളുടെ പ്രവർത്തനത്തിന്മേൽ വീണ്ടും അനുഗ്രഹം ചൊരിഞ്ഞതും, സഹോദരി സഹോദരന്മാരുടെ അടിച്ചമർത്തലുകളുടെ വിലാപം കേട്ടതും കൃതജ്ഞതയോടും എളിമയോടും കൂടിയാണ് നോക്കിക്കാണുന്നതെന്ന് എസിഎൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹേയിൻ പറഞ്ഞു. ഇത് ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് 82.6 ശതമാനം പണവും കഴിഞ്ഞ വർഷം വിനിയോഗിച്ചത്. സുവിശേഷ വത്കരണത്തിനും, വിവിധ പദ്ധതികൾക്കും വേണ്ടി ഈ പണം വിനിയോഗിക്കപ്പെട്ടു.

യുദ്ധം മൂലം പ്രതിസന്ധി നേരിടുന്ന യുക്രൈന് വേണ്ടി 353 പദ്ധതികളാണ് സന്നദ്ധ സംഘടന പ്രാവർത്തികമാക്കി നൽകിയത്. ഇതിന്റെ ഗുണം ലഭിച്ചവരിൽ വൈദികരും സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും, അഭയാർത്ഥികളെ സഹായിക്കുന്ന സഭയുടെ പ്രവർത്തകരും ഉൾപ്പെടുന്നു. ആഫ്രിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ തുക ലഭിച്ച പ്രദേശം പശ്ചിമേഷ്യയാണ്. 972 കെട്ടിടങ്ങളുടെ നിർമ്മാണത്തിന് വേണ്ടിയാണ് സംഘടന കഴിഞ്ഞവർഷം പണം നൽകിയത്. ഇതിൽ മൂന്നിൽ ഒന്ന് തുകയും വിനിയോഗിക്കപ്പെട്ടത് ദേവാലയങ്ങളോ ചാപ്പലുകളോ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ്. ആഫ്രിക്കയിലും, ലാറ്റിനമേരിക്കയിലും മിഷനറിമാർക്ക് സഞ്ചരിക്കാൻ സൈക്കിളുകൾ അടക്കം എസിഎൻ വാങ്ങി നൽകി. മൊത്തം കഴിഞ്ഞവർഷം 5702 പദ്ധതികൾക്ക് വേണ്ടിയാണ് സംഘടന പണം ചെലവഴിച്ചത്.


Related Articles »