News - 2025
ഭൂകമ്പത്തിനു ഇരയായ സിറിയന്‍ ക്രൈസ്തവര്‍ക്കായി 5,30,000 ഡോളറിന്റെ അടിയന്തര ധനസമാഹരണവുമായി എസിഎന്‍
പ്രവാചകശബ്ദം 12-02-2023 - Sunday
ഡമാസ്കസ്: ഭൂകമ്പത്തില്‍ കഷ്ടത അനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവരുടെ സഹായത്തിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 5,30,000 ഡോളറിന്റെ അടിയന്തര ധനസമാഹരണവുമായി എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍). നിര്‍ണ്ണായക ക്രിസ്ത്യന്‍ സാന്നിധ്യമുള്ള ആലേപ്പോ, ലട്ടാക്കിയ നഗരങ്ങളില്‍ ഇതിനോടകം തന്നെ എ.സി.എന്‍ നടത്തിവരുന്ന പല പദ്ധതികളും പുരോഗമിച്ചു വരികയാണ്. അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നിരവധി ചെറുകിട പദ്ധതികള്‍ക്ക് എസിഎന്‍ അംഗീകാരം നല്‍കി കഴിഞ്ഞതായി ഭൂകമ്പം കഴിഞ്ഞ ഉടന്‍ തന്നെ സിറിയയിലെത്തിയ എ.സി.എന്‍ ലെബനന്‍, സിറിയ വിഭാഗത്തിന്റെ തലവനായ സേവ്യര്‍ സ്റ്റീഫന്‍ ബിസിറ്റ്സ് പറഞ്ഞു.
ലട്ടാക്കിയയിലെ ഫ്രാന്‍സിസ്കന്‍ വൈദികരുമായി തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പുതപ്പ്, ഭക്ഷണം തുടങ്ങിയവയാണ് ഇപ്പോള്‍ നല്‍കിവരുന്നതെന്നും സേവ്യര്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടെന്ന് ആളുകളെ തങ്ങളുടെ ഭവനങ്ങളില്‍ എത്തുവാന്‍ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പദ്ധതിയെന്നു പറഞ്ഞ സേവ്യര്‍, ഇതിനായി എഞ്ചിനീയര്‍മാര്‍ വീടുകള്‍ പരിശോധിക്കുകയും അവ ഇടിഞ്ഞു വീഴില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും, ആലപ്പോയിലെ 9 ക്രിസ്ത്യന്‍ സഭകളും നല്ല സഹകരണത്തിലാണെന്നും അവര്‍ ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതായും കൂട്ടിച്ചേര്‍ത്തു.
വീടിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് വരെ വാടകക്ക് താമസിക്കുവാനുള്ള വീട്ടുവാടക നല്‍കുവാന്‍ സഹായിക്കുന്നതിനായി ആലപ്പോയിലെ വിവിധ സഭകളെ പ്രതിനിധാനം ചെയ്യുന്ന സംയുക്ത സമിതിയുമായി എസിഎന്‍ ബന്ധപ്പെട്ടു വരുന്നുണ്ട്. അതേസമയം ഇന്നു ഞായറാഴ്ച വൈകിട്ട് 7:30-ന് ഡമാസ്കസിലേയും മറ്റ് പ്രദേശങ്ങളിലേയും മുഴുവന്‍ ദേവാലയങ്ങളിലും യൂണിറ്റി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നുണ്ട്.