Question And Answer - 2025

രോഗീലേപനം ഭയക്കേണ്ട കൂദാശയോ?

പ്രവാചകശബ്ദം 01-07-2024 - Monday

രോഗീലേപനം രോഗിക്ക് സമാശ്വാസവും സമാധാനവും ശക്തിയും നല്‌കുകയും അയാളെ അപകടകരമായ അവസ്ഥയിലും സഹനങ്ങളിലും ക്രിസ്‌തുവിനോട് അഗാധമായ വിധത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാൽ, കർത്താവ് നമ്മുടെ ഭീതി അനുഭവിച്ചു. നമ്മുടെ വേദനകൾ ശരീരത്തിൽ വഹിക്കുകയും ചെയ്‌തു. പലർക്കും രോഗീലേപനം ശാരീരിക സൗഖ്യം നല്‌കുന്നുണ്ട്. എന്നാൽ ആരെയെങ്കിലും തന്റെ ഭവനത്തിലേക്കു വിളിക്കാൻ ദൈവം തീരുമാനിച്ചാൽ അന്തിമയാത്രയിലുണ്ടാകാവുന്ന ശാരീരികവും ആത്‌മീയവുമായ എല്ലാ സമരങ്ങൾക്കും വേണ്ട ശക്തി രോഗീലേപനംവഴി അവിടന്നു നല്‌കുന്നു. എങ്ങനെയായാലും പാപങ്ങൾക്കു മോചനം ലഭിക്കുകയെന്ന ഫലം രോഗീലേപനം നല്‌കുന്നുണ്ട്. [1520-1523, 1532).

പല രോഗികളും ഈ കൂദാശയെ ഭയപ്പെടുന്നു. അവസാന നിമിഷത്തേക്ക് അതു നീക്കിവയ്ക്കുകയും ചെയ്യുന്നു. കാരണം, അത് ഒരുതരം മരണവിധിയാണെന്ന് അവർ കരുതുന്നു. എന്നാൽ അതിനു വിപരീതമാണു സത്യം: രോഗീലേപനം ഒരുതരം ലൈഫ് ഇൻഷ്വറൻസാണ്. രോഗിയെ ശുശ്രൂഷിക്കുന്ന വ്യക്തി രോഗിയുടെ മിഥ്യയായ ഭയം ഒഴിവാക്കാൻ പരിശ്രമിക്കണം. മരണത്തെ കീഴടക്കിയ ജീവൻ തന്നെയായവനെ, രക്ഷകനായ യേശുക്രിസ്‌തുവിനെ, വേഗത്തിൽ വ്യവസ്ഥാതീതമായി ആശ്ളേഷിക്കുകയെന്നതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന മറെറാന്നില്ലെന്ന് ഗൗരവാവഹമായ അപകടസ്ഥിതിയിലുള്ളവർ ആന്തരിക ദർശനംകൊണ്ടു മനസ്സിലാക്കുന്നുണ്ട്.

-- കടപ്പാട്: കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം 245.


Related Articles »