News - 2025
"SOS: ത്യാഗം, പ്രാർത്ഥന, കൂദാശ"; 100 കിലോമീറ്റർ ദൈര്‍ഖ്യമുള്ള തീര്‍ത്ഥാടനത്തിന് അർജൻ്റീനയിലെ വിശ്വാസികള്‍
പ്രവാചകശബ്ദം 29-08-2024 - Thursday
ബ്യൂണസ് അയേഴ്സ്: അർജൻ്റീനയിലെ ലുജാനിലേക്കുള്ള തീർത്ഥാടനത്തിനു ഒരുക്കങ്ങളുമായി വിശ്വാസി സമൂഹം. ജന്മനാട്ടിൽ ക്രൈസ്തവ വിശ്വാസം പുനര്‍ജ്ജീവിക്കുന്നതിനുള്ള നിയോഗങ്ങളുമായി ഒക്ടോബർ 11, 12, 13 തീയതികളിലായി ആയിരത്തിഎണ്ണൂറോളം വിശ്വാസികളാണ് തീര്‍ത്ഥാടനം നടത്തുക. 100 കിലോമീറ്റർ ദൈര്‍ഖ്യമുള്ള തീര്‍ത്ഥാടനം ഗ്രാമീണ റോഡുകളിലൂടെയും നിരവധി നഗരങ്ങളിലൂടെയും സഞ്ചരിച്ച് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിചേരുമെന്നു സംഘാടകര്‍ വ്യക്തമാക്കി.
ത്യാഗം, പ്രാർത്ഥന, കൂദാശകൾ എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളെ കേന്ദ്രീകരിച്ചാണ് തീര്‍ത്ഥാടനം. തീർത്ഥാടന ദിവസങ്ങളിൽ പ്രാർത്ഥനയും ധ്യാനങ്ങളും ദിവ്യകാരുണ്യ ആരാധനയും നടക്കും. ക്രൈസ്തവ വിശ്വാസത്തിന്റെ വായു ശ്വസിക്കുന്ന മൂന്ന് ദിവസമാണ് തീർത്ഥാടനം, സുവിശേഷത്തിൻ്റെ തത്ത്വചിന്ത ഈ വായുവിൽ വാഴുകയാണെന്ന് സംഘാടകരിലൊരാളായ മാർട്ടിൻ സ്റ്റിയർ എസിഐ പ്രെൻസയോട് പറഞ്ഞു.
പശ്ചാത്താപ ചൈതന്യത്തിലാണ് തീർത്ഥാടനം നടക്കുന്നത്. പ്രാർത്ഥനയിലൂടെയും ത്യാഗത്തിലൂടെയും ദൈവത്തിൽ എത്തിച്ചേരാനും നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ആശങ്കകളും ദൈവമാതാവിന്റെ ചാരെ എത്തിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ പ്രാർത്ഥന, ത്യാഗം, കൂദാശകൾ എന്നിവയിലൂടെ ആ വഴിയിലൂടെ ദൈവത്തിലെത്താൻ നാം ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.