India - 2025

ദുക്റാന തിരുനാളും സഭാദിനാഘോഷവും നാളെ മൗണ്ട് സെൻറ് തോമസിൽ

പ്രവാചകശബ്ദം 02-07-2024 - Tuesday

കാക്കനാട്: ക്രിസ്തു ശിഷ്യനും ഭാരതത്തിൻറെ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻറെ ഓർമതിരുനാളും സീറോമലബാർ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നാളെ ആഘോഷിക്കും. തിരുനാൾ ദിനമായ നാളെ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസകുർബാനയ്ക്കു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും.

ബിഷപ്പുമാരും മേജർ സുപ്പീരിയേഴ്സും സെമിനാരി റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമർപ്പിതരും അൽമായരും പങ്കുചേരും. വി. കുർബാനയ്ക്കുശേഷം സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന Apostolate of St Thomas in India എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിക്കുന്നതാണ്.