News - 2025

അൽഫോൻസാ : അനുസരണം എന്ന സ്വർണ്ണ താക്കോൽ കൊണ്ട് സ്വർഗ്ഗം തുറന്നവൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 10

സിസ്റ്റർ റെറ്റി FCC 10-07-2024 - Wednesday

"എന്നെ മുഴുവനും ഞാൻ കർത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ് അവിടുത്തെ ഇഷ്ടംപോലെ ചെയ്തുകൊള്ളട്ടെ" വിശുദ്ധ അൽഫോൻസാ.

അനുസരണം എന്ന വാക്കിന്റെ അർത്ഥം കൂടെ പോവുക പിമ്പേ പോവുക എന്നല്ലെമാണ്. അനുസരിക്കുന്നവൻ ഒരു നായകനെ അല്ലെങ്കിൽ നിയമത്തെ പിൻചെല്ലുന്നവനാണ്. സ്നേഹത്താൽ പ്രേരിതമായി അനുസരണമാണ് സുവിശേഷാത്മകമായ അനുസരണം. ഈ അനുസരണം ഒരുവനെ മറ്റൊരുവന്റെ കീഴിലാക്കുകയല്ല, ഇരുവരെയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അങ്ങയുടെ നിയമങ്ങൾ എന്റെ പാദങ്ങൾക്ക് വിളക്കും എന്റെ വഴികളിൽ പ്രകാശവും ആകുന്നു ദൈവത്തിന്റെ നിയമം തേനിനേക്കാൾ മധുരമാണ് എന്ന് സങ്കീർത്തകൻ പറയുന്നു. (Ps:119/5,103).

സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള അനുസരണം ആണ് പുതിയ നിയമത്തിന്റെ കാതൽ. പിതാവിന്റെ തിരുവിഷ്ടം നിറവേറ്റാൻ മാംസമായ വചനം തീരുമാനിച്ചത് മുതൽ പുതിയ നിയമത്തിന്റെ പൂർത്തീകരണം അനുസരണത്തിലാണ്. ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം കാണുന്നത് ഈ വിധേയത്വവും അനുസരണവും ആണ്.പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതായിരുന്നു അവിടുത്തെ ഭക്ഷണം. (Jn:4/34).സ്വർഗ്ഗീയ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവരെ യേശു തന്റെ സഹോദരനും സഹോദരിയും അമ്മയുമായി കണക്കാക്കി.(Mt:12/50).

വിശുദ്ധ അൽഫോൻസാമ്മയിൽ വിളങ്ങി പ്രകാശിച്ചിരുന്നത് ശിശു തുല്യവും അതേസമയം ഒരു വധുവിന്റെ സ്വാതന്ത്ര്യത്തോടെയുമുള്ള അനുസരണം ആയിരുന്നു. മേൽഅധികാരികൾക്ക് കീഴ് വഴങ്ങി ജീവിക്കുമ്പോഴാണ് നാഥന്റെ ശൂന്യവൽക്കരണത്തിൽ പങ്കുചേരുന്നത് എന്ന രഹസ്യം അവൾ മനസ്സിലാക്കി.ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: "അനുസരണം സമർപ്പിത ജീവിതത്തെ മുദ്രിതമാക്കുന്ന പുണ്യമാണ്". സന്യാസ അനുസരണം അൽഫോൻസാമ്മയെ സംബന്ധിച്ചിടത്തോളം ദൈവ തിരുമനസിന് സമ്പൂർണ്ണമായി കീഴടങ്ങുന്നത് ആയിരുന്നു. മനുഷ്യനിലുള്ള അകത്തെ നിയന്ത്രിക്കുവാനുള്ള മാർഗ്ഗം അനുസരണം ആണെന്ന് അവൾ കണ്ടെത്തി.

മനുഷ്യമനസിന്റെ സ്വാർത്ഥ താല്പര്യങ്ങളെ അനുസരണം എന്ന പുണ്യം വഴി സംസ്കരിച്ച് ശുദ്ധി വരുത്താൻ ആകുമെന്ന് അൽഫോൻസാമ്മ മനസ്സിലാക്കി.അധികാരികളുടെ നിർദ്ദേശങ്ങളും സഭയുടെ നിയമങ്ങളും ന്യായയുക്തിവാദങ്ങൾ ഒന്നും കൂടാതെ അൽഫോൻസാമ്മ സ്വീകരിച്ചു. രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു ദിവസം അൽഫോൻസാമ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിനടുത്തു വന്ന് എന്തോ ആകാംക്ഷയോടെ നോക്കി.

'എന്താ അമ്മേ നോക്കുന്നത്'? എന്ന് ചോദിച്ച സഹോദരിയോട് കുർബാന കാണാമോ എന്ന് നോക്കുകയാണ് എന്ന് അവൾ പറഞ്ഞു.സഹോദരി ചോദിച്ചു: ഇവിടെ നിന്നാൽ കുർബാന കാണാമോ? ഉടൻതന്നെ അവൾ എങ്ങലടിച്ചു കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് പോയി പിന്നീട് കൂട്ടുസഹോദരിയായ ബഹുമാനപ്പെട്ട റീത്താമ അൽഫോൻസാമ്മയുടെ ഈ കരച്ചിൽ കാരണം വിശദീകരിച്ചു: മദർ പറഞ്ഞിട്ടുണ്ട് കട്ടിലിൽ നിന്ന് എഴുന്നേൽക്കരുതെന്ന്.

മദറിനെ വിളിച്ച് ക്ഷമ ചോദിച്ചതിന് ശേഷമാണ് കരച്ചിൽ നിന്നത്. കുർബാന കാണാനുള്ള തീഷ്ണതയാൽ എഴുന്നേറ്റതാണ് അപ്പോഴാണ് മദർ പറഞ്ഞ കാര്യം അവൾ ഓർത്തത്. അനുസരണം വ്രതമായി സ്വീകരിച്ചിരുന്ന താൻ എത്ര വലിയ കാര്യത്തിനായാലും അത് ലംഘിക്കുവാൻ പാടുള്ളതല്ല എന്ന ചിന്ത,ചെയ്ത തെറ്റിനെ മനസ്സ് വയ്ക്കുവാനും കണ്ണീർ ചിന്തുവാനും മാപ്പ് ചോദിക്കുവാനും അൽഫോൻസാമ്മയെ പ്രേരിപ്പിച്ചു.

ഒരു ദിവസം നോവിഷ്യറ്റ് ഭവനത്തിന് അടുത്തുള്ള പൂന്തോട്ടത്തിൽ നവ സന്യാസിനികൾ എന്തോ ജോലികളിൽ മുഴുകിയിരിക്കുമ്പോൾ അഭിവന്ദ്യ കാളാശ്ശേരി ജെയിംസ് മെത്രാൻ മഠത്തിൽ സന്ദർശനത്തിന് എത്തി. അൽഫോൻസാമ്മ ആദരവോടെ അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേരകൊണ്ടുവന്നു കൊടുത്തു. 'നീ അവിടെ ഇരിക്ക് '. കസേര ചൂണ്ടിക്കാട്ടി പിതാവ് അൽഫോൻസാമ്മയോട് ആജ്ഞാപിച്ചു. അവൾ ദയനീയമായ പിതാവിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പിതാവ് ആജ്ഞാപിച്ചതനുസരിച്ച് അൽഫോൻസാമ്മ കസേരയിൽ ഇരുന്നു.

മറ്റു കന്യാസ്ത്രീമാർ ഓടിയെത്തിയപ്പോൾ അഭിവന്ദ്യ പിതാവ് ഒരിടത്ത് നിൽക്കുന്നു. അൽഫോൻസാമ്മ കസേരയിൽ ഇരിക്കുന്നു. "കണ്ടോ എന്നെ നിർത്തിയിട്ട് ഇവൾ കസേരയിൽ ഇരിക്കുന്നത് ". പിതാവ് മറ്റുള്ളവരോട് ആയി പറഞ്ഞു. അവൾ നിശബ്ദയായിരുന്നു. അൽഫോൻസാമ്മയെ പരീക്ഷിക്കുവാൻ ചെയ്തതാണ് ഇതെന്നു പിന്നീട് കാളശ്ശേരി പിതാവ് തന്നെ സിസ്റ്റേഴ്സിനോട് പറഞ്ഞിരുന്നു.

നിയമങ്ങളുടെ അനുസരണം അൽഫോൻസാമ്മയ്ക്ക് സ്വർണത്തേക്കാൾ വിലപ്പെട്ടതായിരുന്നു അവൾക്ക് അത് സുവർണ്ണനീയമം ആയിരുന്നു. അനുസരണത്തെ അനുഗ്രഹമാക്കിയവൾ അൽഫോൻസായുടെ ജീവിതം ദൈവഹിതത്തിന് നിരന്തരം കാതോർത്തവളായിരുന്നു. സ്വർഗ്ഗം തുറക്കുന്നതാക്കോലായ അനുസരണം നമ്മുടെ ജീവിതങ്ങളെയും നിറമുള്ളതാക്കട്ടെ.

- സി. റെറ്റി FCC


Related Articles »