News - 2025

സ്ഥാനത്യാഗത്തിന്റെ കാരണം വ്യക്തമാക്കി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ

സ്വന്തം ലേഖകന്‍ 25-08-2016 - Thursday

റോം: 'ദൈവത്തിന്റെയും മനുഷ്യരുടെയും സേവകന്‍; ബനഡിക്റ്റ് പതിനാറാമന്റെ ജീവചരിത്രം' (Servant of God and Humanity: The biography of Benedict XVI) എന്ന പുസ്തകത്തിന്റെ രചയിതാവ് ഇലിയോ ഗുയീറിറോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥാനത്യാഗത്തിന്റെ കാരണം വെളിപ്പെടുത്തി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ. ദീര്‍ഘമായ യാത്രകള്‍ നടത്തുവാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് താന്‍ മാര്‍പാപ്പ സ്ഥാനത്തു നിന്നും സ്വയം രാജിവച്ചതെന്ന് അദ്ദേഹം പറഞ്ഞു,

2012 മാര്‍ച്ചില്‍ താന്‍ നടത്തിയ മെക്‌സികോ, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം മറ്റൊരു യാത്ര ചെയ്യുവാന്‍ തനിക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് മാര്‍പാപ്പ പദവിയില്‍ നിന്നും ഒഴിയുവാനുണ്ടായ പ്രധാനകാരണമെന്നും യാത്ര ചെയ്യുന്നതില്‍ നിന്നും ഡോക്ടറുമാര്‍ പലപ്പോഴും തന്നെ വിലക്കിയിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ മാസം 30-ാം തീയതി ജീവചരിത്രത്തിന്റെ ഇറ്റാലിയന്‍ പതിപ്പ് പുറത്തു ഇറങ്ങും. പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

സ്ഥാനത്യാഗം ചെയ്യുവാനുള്ള തന്റെ തീരുമാനത്തില്‍ താന്‍ ഒരിക്കലും ഖേദിച്ചിട്ടില്ലെന്നും എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പറയുന്നു." മാര്‍പാപ്പ സ്ഥാനം ഏറ്റെടുക്കേണ്ടിവരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍, അത്തരം ഒരു നിയോഗം സഭ ഏല്‍പ്പിക്കുമ്പോള്‍ അതിനെ അനുസരിക്കുക എന്ന ബാധ്യത എനിക്കുണ്ട്. ദൈവത്തിന്റെ വലിയ കൃപയാണ് എന്നെ ഈ സ്ഥാനത്തിലേക്ക് എത്തിച്ചതും, പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചതും. പല ബുദ്ധിമുട്ടുകളും ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എനിക്ക് നേരിടേണ്ടി വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടിയിരുന്നു. എങ്കിലും കാരുണ്യവാനായ ദൈവം തന്റെ കരുതലിന്റെ കരത്തില്‍ എന്നെ സൂക്ഷിച്ചു. ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ അനുസരണയുള്ള സേവകന്‍ മാത്രമാണ് ഞാന്‍". എമിരിറ്റസ് ബനഡിക്റ്റ് മാര്‍പാപ്പ അഭിമുഖത്തില്‍ തുറന്ന്‍ പറഞ്ഞു.

പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും മാധ്യസ്ഥം തനിക്ക് ഏറെ സഹായകരമായിരുന്നതായും ബനഡിക്ടറ്റ് പതിനാറാമന്‍ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്ക് പ്രമുഖരുടെയും തികച്ചും സാധാരണക്കാരായവരുടെയും എഴുത്തുകള്‍ ലഭിക്കുന്നുണ്ടെന്നും വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ പറയുന്നു. തന്റെ പിന്‍ഗാമിയായി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിക്കുന്ന നിരവധി പരാമര്‍ശങ്ങളും അഭിമുഖത്തില്‍ മുന്‍ മാര്‍പാപ്പ നടത്തി.

"അസാധാരണമായ മനുഷ്യത്വത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്റെ സ്വന്തം സഹോദരനെ പോലെ തന്നെയാണ് അദ്ദേഹം. ആഴത്തില്‍ എനിക്ക് ആശയവിനിമയം നടത്തുവാന്‍ പറ്റുന്ന ഒരു വ്യക്തി കൂടിയാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പ. പലതവണ എന്നെ നേരില്‍ കാണുവാന്‍ എത്തിയ അദ്ദേഹം പലപ്പോഴും എനിക്കായി സമ്മാനങ്ങള്‍ കൊടുത്തുവിടാറുണ്ട്. സ്വന്തം കൈപ്പടയില്‍ അദ്ദേഹം എനിക്ക് നിരവധി എഴുത്തുകള്‍ അയിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വലിയ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍". എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ വ്യക്തമാക്കി.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക