News - 2024

ഒളിമ്പിക്സ് സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള അവസരമാകട്ടെ: ആശംസയുമായി പാപ്പ

പ്രവാചകശബ്ദം 22-07-2024 - Monday

വത്തിക്കാന്‍ സിറ്റി: ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ കാരണമാകട്ടെയെന്ന ആശംസയുമായി ഫ്രാന്‍സിസ് പാപ്പ. ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പാരീസിലെ ദേവാലയത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള വിശുദ്ധ ബലിമധ്യേയാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം വായിച്ചത്. ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തില്‍ നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. ഈ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം വായിച്ചത്.

മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവ സ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതിനോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പ ആഹ്വാനം നല്‍കി. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയത എന്നിവയ്ക്ക് അതീതമായ ഒരു സാർവത്രിക ഭാഷയാണ് കായികമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു.

സ്വയം മെച്ചപ്പെടുത്തുന്നതിനും, ത്യാഗമനോഭാവത്തെ വളർത്തുന്നതിനും, സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മൂല്യം തിരിച്ചറിയുവാനും, പരസ്പര ബന്ധങ്ങളിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുവാനും ഈ മത്സരങ്ങള്‍ ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ശത്രുതയുള്ളവർ പോലും തമ്മിൽ തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണ് ഇന്നു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും, സൗഹൃദവും വളർത്താനുള്ള ഒരു അവസരമായി ഈ ഒളിമ്പിക്സ് മാറട്ടെയെന്നും പാപ്പാ സന്ദേശത്തിൽ ആശംസിച്ചു.


Related Articles »