India - 2025

സീറോ മലബാർ സഭയുടെ ഗൾഫിലെ സ്വതന്ത്ര രൂപത വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 27-07-2024 - Saturday

കൊച്ചി: സീറോമലബാർ സഭയുടെ ഗൾഫിലെ സ്വതന്ത്രരൂപത എന്ന സ്വ‌പ്നം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഖത്തർ സെൻ്റ് തോമസ് ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ വത്തിക്കാൻ സന്ദർശന വേളയിൽ മാർപാപ്പ ഗൾഫ് മേഖലയിലെ വിശ്വാസികളുടെ കാര്യം നേരിട്ടു നോക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ ഓഗസ്റ്റിൽ നടക്കുന്ന സിനഡിനുശേഷം ആവശ്യമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

ചടങ്ങിൽ നോർത്തേൺ വികാരിയത്തിൻ്റെ വികാർ അപ്പ‌സ്തോലിക്കായ ബിഷപ്പ് ഡോ. ആല്‍ദോ ബെറാർദി അധ്യക്ഷത വഹിച്ചു. ജഗദൽപുർ ബിഷപും സഭയുടെ മൈഗ്രന്റ്റസ് കമ്മീഷൻ അംഗവുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. നിർമൽ വേഴാപറമ്പിൽ, അസിസ്റ്റന്‍റ് വികാരി ഫാ. ബിജു മാധവത്ത്, ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ജൂബിലി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡേവിസ് എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. നേരത്തേ ജൂബിലി സംഗമത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഡോ. കൊച്ചുറാണി ജോസഫ് സെമിനാർ നയിച്ചു.


Related Articles »