News - 2025
ജീവനെതിരെയുള്ള വെല്ലുവിളി; 40 ദിവസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനായജ്ഞവുമായി ഇക്വഡോര്‍
പ്രവാചകശബ്ദം 02-08-2024 - Friday
ക്വിറ്റോ: തെക്കേ - അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ജീവനു നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു തുടക്കം കുറിച്ച് കത്തോലിക്ക സഭാനേതൃത്വം. രാജ്യത്ത് ദയാവധം നിയമവിധേയമാക്കാനും ഗർഭഛിദ്രം ഉദാരമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്നലെ ആഗസ്റ്റ് 1ന് ആരംഭിച്ച് 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞത്തില്‍ പങ്കുചേരാൻ ഇക്വഡോറിലെ വിശ്വാസികളോട് ദൗൾ ബിഷപ്പ് മോൺ. ക്രിസ്റ്റോബൽ കഡ്‌ലാവിക് ആഹ്വാനം ചെയ്തു.
2024 ഫെബ്രുവരി 5-ന് ഭരണഘടനാ കോടതി ദയാവധം ക്രിമിനൽ കുറ്റമല്ലാതാക്കിയിരിന്നു. നിലവിൽ ദേശീയ അസംബ്ലിയിൽ ഇത് നിയമവിധേയമാക്കാനുള്ള പദ്ധതിയുണ്ട്. കോടതിയുടെ വിധിയെത്തുടർന്ന് ഓംബുഡ്സ്മാൻ ഓഫീസ് അതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. 2021 ഏപ്രിൽ മുതല്‍ ഭ്രൂണഹത്യ നടത്താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. ജീവനു നേരെയുള്ള വെല്ലുവിളി ശക്തമാകുന്ന സാഹചര്യത്തിലാണ് ഇക്വഡോർ മെത്രാന്‍ സമിതിയുടെ ലൈഫ് ആൻഡ് ഫാമിലി കമ്മീഷന്റെ പ്രസിഡൻ്റ് കൂടിയായ മോൺസിഞ്ഞോർ കഡ്‌ലാവിക് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്.
ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ജീവൻ്റെ പ്രതിരോധത്തിന് എല്ലാവരും ഒരു ജപമാല വീതം ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും മോൺ. ക്രിസ്റ്റോബൽ പറഞ്ഞു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 108 ലക്ഷമാണ്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഇക്വഡോറിലെ ജനസംഖ്യയുടെ 74%ത്തിലധികവും കത്തോലിക്കരാണ്. 2022ലെ കണക്കുകൾ പ്രകാരം ക്വിറ്റോ അതിരൂപതയിൽ മാത്രം 27 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുണ്ട്.