Faith And Reason - 2024

അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഇക്വഡോർ വേദിയാകും

പ്രവാചകശബ്ദം 27-10-2022 - Thursday

ക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ വേദിയാകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2024 സെപ്റ്റംബർ മാസം നടക്കും. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ നഗരത്തിലായിരിക്കും സെപ്റ്റംബർ 8 മുതൽ 15 വരെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് സുവിശേഷവത്കരണത്തിന് ദിവ്യകാരുണ്യം നൽകുന്ന ഫലവും, ലാറ്റിനമേരിക്കയിൽ വിശ്വാസത്തിന്റെ ഉയർത്തെഴുന്നേൽപ്പും പ്രകടമാക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് ഇന്നലെ ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരുടെ സാക്ഷ്യങ്ങളും, പ്രഭാഷണങ്ങളും ഉൾപ്പെടുന്നതായിരിക്കും ഇക്വഡോറിലെ ദിവ്യകാരുണ്യ കോൺഗ്രസ്. നിരന്തരമായ പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി നടക്കും.

"ലോകത്തെ സൗഖ്യപ്പെടുത്താൻ സാഹോദര്യം. നിങ്ങളെല്ലാം സഹോദരരാണ്" എന്നതാണ് 2024ലെ കോൺഗ്രസിന്റെ പ്രമേയം. ''എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്'' (മത്തായി 24:8) എന്ന വാക്യത്തില്‍ നിന്നാണ് പ്രമേയം എടുത്തിരിക്കുന്നത്. ക്വിറ്റോ നഗരം ദിവ്യകാരുണ്യ കോൺഗ്രസ് നടത്താനുള്ള വേദിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തുവെന്ന് വത്തിക്കാൻ നേരത്തെ സൂചന നല്‍കിയിരിന്നു. ഇക്വഡോർ, ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട നൂറ്റിയന്‍പതാം വാർഷികം നടക്കുന്ന അതേ വർഷം തന്നെയാണ് ദിവ്യകാരുണ്യ കോൺഗ്രസും നടക്കുന്നത്.

ദിവ്യകാരുണ്യത്തിന് സമർപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ആദ്യത്തെ രാജ്യമാണ് ഇക്വഡോർ. 2020ലെ കണക്കുകൾ പ്രകാരം ക്വിറ്റോ അതിരൂപതയിൽ മാത്രം 27 ലക്ഷം കത്തോലിക്ക വിശ്വാസികളുണ്ട്. ഇത് ജനസംഖ്യയുടെ 85% ത്തോളം വരും. 1881ൽ ഫ്രാൻസിലാണ് ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്. 2021ൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന ഏറ്റവും ഒടുവിലത്തെ ദിവ്യകാരുണ്യ കോൺഗ്രസിൽ സമാപന ബലിയർപ്പണത്തില്‍ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചിരിന്നു. 2020ൽ നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് 2021 ലേക്ക് മാറ്റിവെച്ചത്.


Related Articles »