News

കാലോചിതമായ നവീകരണത്തിനായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

പ്രവാചകശബ്ദം 09-08-2024 - Friday

കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം ആഗസ്റ്റ് 22 വ്യാഴാഴ്ച മുതല്‍. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് വേദി. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.

അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭായോഗം കൂടുകയുണ്ടായി. 2016നുശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാൻ കാരണമായത്.

സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ചുബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻവേണ്ടിയുള്ള ആലോചനായോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.

മാര്‍തോമാശ്ലീഹാ സ്ഥാപിച്ച സീറോമലബാര്‍സഭ ആത്മീയവും ഭൗതികവുമായ വളര്‍ച്ചകൊണ്ട് ആഗോളകത്തോലിക്കാ സഭയില്‍ തനതായ ഒരു വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. 1923ല്‍ സീറോമലബാര്‍സഭ ഹയരാര്‍ക്കിക്കല്‍ ഘടനയുള്ള ഒരു സഭയായും 1992ല്‍ മേജര്‍ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ സഭയായും ഉയര്‍ത്തപ്പെട്ടു. സ്വയം ഭരണാവകാശമുളള ഒരു വ്യക്തിഗതസഭ എന്നനിലയില്‍ അതിന്റെ ഭരണസംവിധാനങ്ങളില്‍ 'പള്ളിയോഗ'ങ്ങള്‍ക്കുള്ള സ്ഥാനം നിലനിര്‍ത്തിപ്പോരുന്നത് സഭയുടെ പാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്.

സഭയുടെ ഭരണസംവിധാനങ്ങളിലും ഭൗതികവളര്‍ച്ചയിലും വിശ്വാസികളുടെ കൂട്ടായ്മ വഹിച്ച പങ്ക് അവര്‍ണനീയമാണ് എന്നത് ഈ സഭയുടെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്ന വസ്തുതയാണ്.

ഈ നാടിന്റെ സംസ്‌കാരത്തോടു ചേര്‍ന്നുള്ള ഒരു ഭരണസംവിധാനമാണ് ആദികാലം മുതല്‍ ഈ സഭയില്‍ നിലനിന്നിരുന്നത്. ദേശത്ത് പട്ടക്കാരായ വൈദികരുടെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളെയും കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കുന്ന പള്ളിയോഗങ്ങളാണ് ഓരോ ഇടവകയുടെയും ഭൗതികമായ ഭരണസംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഇടവകജനങ്ങളുടെ കൂടിയാലോചനകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും പള്ളിയോഗങ്ങള്‍ സഹായകരമായിട്ടുണ്ട്.

'സഭ ദൈവജനമാകുന്നു' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനവും 'സഭ ഒരു കൂട്ടായ്മയാകുന്നു' എന്ന കൗണ്‍സിലാനന്തര പഠനവും സമഞ്ജസമായി സമ്മേളിക്കുന്ന മനോഹരമായ വേദിയാണ് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രികസഭയെ സിനഡാലിറ്റിയുടെ അരൂപിയില്‍ നയിക്കാന്‍ പരിശ്രമിക്കുന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. പൗരസ്ത്യസഭകള്‍ക്കായുളള കാനന്‍ നിയമത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയിലുള്ള സഭയുടെ സമഗ്രമായ കൂടിയാലോചന സംവിധാനമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും സഭാപരമായ അച്ചടക്കത്തിന്റെയും രൂപങ്ങളും രീതികളും സമന്വയിപ്പിക്കുന്നതിനും അവയെ കാലാനുസൃത സാഹചര്യങ്ങളുമായും സഭയുടെ പൊതുനന്മയ്ക്കായും അനുയോജ്യമാക്കുന്നതിനും ഇതു മേജര്‍ ആര്‍ച്ചുബിഷപ്പിനെയും സിനഡിനെയും സഹായിക്കുന്നു" (CCEO: C.140).

മെത്രാന്‍ സിനഡിനോടു ചേര്‍ന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ഈ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2023 ജൂലൈയില്‍ പുറത്തിറക്കിയ 'പഠനരേഖ' (Lineamenta) എല്ലാ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി. ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനായും സമ്മേളിക്കുകയും യുവാക്കളുടെയും വിശ്വാസപരിശീലകരുടെയും പ്രതിനിധികളും ഒരുമിച്ചുകൂടി പഠനരേഖ ചർച്ച ചെയ്തു.

രൂപതാ അസംബ്ലികളിലും അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമർപ്പിത സമൂഹങ്ങളിലും ഈ രേഖ പഠനവിധേയമാക്കിയതിന്റെ ഫലമായി ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു 'പ്രവര്‍ത്തനരേഖ' (Instrumentum Laboris) രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയില്‍ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടക്കുക. അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ സീറോമലബാര്‍സഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജര്‍ ആര്‍ച്ചുബിഷപ്പ് പുറത്തിറക്കും.

മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ആരൊക്കെയാണു പങ്കെടുക്കേണ്ടത് എന്നതു സഭാനിയമം നിശ്ചയിച്ചിട്ടുണ്ടെന്ന് സഭാനേതൃത്വം പറയുന്നു. 80 വയസിൽ താഴെ പ്രായമുള്ള 50 പിതാക്കന്മാരും 108 വൈദികരും146 അല്മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്സും പ്രാതിനിധ്യ സ്വഭാവത്തോടെ ഉൾപ്പെടുന്ന 348 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഈ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ പഠനവിഷയം: 'കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍സഭയില്‍' എന്നതാണ്. ഇതില്‍ മൂന്നു പ്രധാന പ്രമേയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു:

1. സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന രൂപീകരണം

2. സുവിശേഷപ്രഘോഷണത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം

3. സീറോമലബാര്‍ സമുദായ ശാക്തീകരണം

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്റ്റോലിക്ക് നുൻസിയോ ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലി നിർവ്വഹിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയും കേരളാ ലത്തീൻ ബിഷപ്പ്സ് കൗൺസിലിന്റെ പ്രസിഡന്റ് വർഗ്ഗീസ് ചക്കാലക്കൽ പിതാവും മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസും സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു പിതാവും കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യനും കേരളാ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിനും അസംബ്ലിയുടെ വിവിധ ഘട്ടങ്ങളിൽ അഭിസംബോധന ചെയ്ത് സംസാരിക്കും. സീറോമലങ്കരസഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തിൽ മുഖ്യഅതിഥിയായി പങ്കെടുക്കും.

ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ കാലാനുസൃതമായി നവീകരിക്കപ്പെടുന്നത് സഭയുടെ വളര്‍ച്ചയുടെ അടയാളമാണ്. പരിശുദ്ധാത്മാവ് എങ്ങോട്ടാണ് സഭയെ നയിക്കുന്നതെന്ന് വിവേചിച്ചറിയാന്‍ സഭ എല്ലാകാലത്തും പരിശ്രമിച്ചിട്ടുണ്ട്. ഈ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയും സഭയുടെ കാലോചിതമായ നവീകരണത്തിന് സഹായിക്കുമെന്ന് പ്രത്യാശിക്കുകയാണെന്ന് മാധ്യമ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി കൺവീനർ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മാധ്യമ കമ്മീഷൻ സെക്രട്ടറി ⁠ റവ.ഡോ. ആന്റണി വടക്കേകര വി.സി, മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, സഭാവക്താക്കളായ ഡോ. കൊച്ചുറാണി ജോസഫ്, ⁠അഡ്വ. അജി ജോസഫ് എന്നിവര്‍ അറിയിച്ചു.


Related Articles »