India - 2025
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും
പ്രവാചകശബ്ദം 22-08-2024 - Thursday
പാലാ: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു പാലായിൽ തുടക്കം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് കാമ്പസുമാണ് പ്രധാന വേദികൾ. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്‌തരും അല്‌മായരും ഉൾപ്പെടുന്ന പ്രതിനിധികൾ എത്തിച്ചേരും.
വൈകുന്നേരം ആരാധന, ജപമാല, റംശ എന്നിവയോടെയാണ് അസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലി റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും ഗ്രൂപ്പ് ചർച്ചാ നിർദേശങ്ങൾ കൺവീനർ മാർ പോളി കണ്ണുക്കാടനും നൽകും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തും.
നാളെ രാവിലെ മാർ റാഫേൽ തട്ടിലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഒമ്പതിന് ഉദ്ഘാടനസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് അധ്യക്ഷത വഹിക്കും. അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം നിർവഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. 25ന് ഉച്ചകഴിഞ്ഞ് ഒന്നിന് അസംബ്ലി സമാപിക്കും. അന്‍പതു മെത്രാന്മാരും 34 വികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്‌മായരും 37 സമർപ്പിത സഹോദരിമാരും ഏഴ് ബ്രദേഴ്‌സുമടക്കം 348 പേരാണ് പങ്കെടുക്കുന്നത്.