India - 2025
ശാലോം മീഡിയ അവാർഡ് ബ്രദര്‍ സന്തോഷ് കരുമത്രയ്ക്ക്
പ്രവാചകശബ്ദം 14-10-2024 - Monday
കോഴിക്കോട്: ക്രിസ്‌തീയ മാധ്യമപ്രവർത്തകരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ശാലോം മീഡിയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ശാലോം മീഡിയ അവാർഡ് ഷെക്കെയ്ന ന്യൂസ് ചാനലിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് കരുമത്രയ്ക്ക്. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഷെക്കെയ്നു ടിവിയിലൂടെ കേരള സഭയ്ക്കും ക്രൈസ്‌തവ മാധ്യമ ശുശ്രൂഷയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ ഈ വർഷത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഷെവലിയാർ ബെന്നി പുന്നത്തറയുടെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.
ഡിസംബർ 20ന് ശാലോം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അവാർഡ് സമ്മാനിക്കും. പതിനാലാം വയസിൽ പങ്കെടുത്ത ധ്യാനത്തെ തുടർന്ന് സുവിശേഷപ്രഘോഷണ രംഗത്തേക്കു കടന്ന സന്തോഷ് കരുമത്ര മൂന്നുപതിറ്റാണ്ടിലധികമായി കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വേദികളിൽ ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നു. ഭാര്യ അന്ന. മക്കൾ എസ്തേർ ആൻ, മറിയം സന്തോഷ്, ജോൺ പോൾ സന്തോഷ്, പീറ്റർ ക്രിസ്റ്റോ.