News - 2025
കൗണ്ട് ഡൗണ്‍ ആരംഭിച്ചു: ലോക യുവജന സംഗമം തത്സമയം ശാലോം വേൾഡില്‍
സ്വന്തം ലേഖകന്‍ 22-01-2019 - Tuesday
പനാമ: ഇന്നു പനാമയില്‍ ആരംഭിക്കുന്ന 'ലോക യുവജന സംഗമം' തത്സമയം വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ ശാലോം വേള്‍ഡ് ഒരുങ്ങി. യുവജന സംഗമത്തിന്റെ ഒഫീഷ്യൽ മീഡിയ പാർട്ണറായി ശാലോമിനെയാണ് വത്തിക്കാന്‍ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് 'ശാലോം വേൾഡ്' പ്രൊഡക്ഷൻ ടീം സജ്ജീകരിച്ചിരിക്കുന്നത്. ഇതര ന്യൂസ് നെറ്റ്‌വർക്കുകൾക്ക് തത്‌സമയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
ലോക യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പനാമയുടെ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പനാമ ആർച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെൻഡീറ്റയാണ് 'ശാലോം വേൾഡി'നെ ഒഫീഷ്യൽ മീഡിയാ പാർട്ണറായി നേരത്തെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 17 സ്റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികൾ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് 'ശാലോം വേൾഡ്' എത്തിക്കും.
പരിപാടികളോടൊപ്പം സംഗമത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെയും യുവജന പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയും പ്രത്യേക അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്യാൻ വേൾഡ് യൂത്ത് ഡേ വേദികളോട് ചേർന്ന് സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യുവജന സംഗമം തത്‌സമയം നാലിടങ്ങളിൽ കാണാന്‍ അവസരമുണ്ട്.
1. സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങൾക്കായി സന്ദർശിക്കുക. shalomworldtv.org/connected-tv
2. ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക shalomworldtv.org/mobile-apps
3. തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org
4. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് - (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)