News - 2025
ഏകദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പ ഇന്ന് ഫ്രഞ്ച് ദ്വീപിലേക്ക്
പ്രവാചകശബ്ദം 15-12-2024 - Sunday
വത്തിക്കാന്‍ സിറ്റി: 'കടലോരക്കാഴ്ചകളുടെ സ്വർഗം' എന്ന വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ ഇന്ന് സന്ദര്‍ശനം നടത്തും. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് ഇന്നു നടക്കുക. ഏകദിന സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്ക് മുന്‍പുള്ള പതിവുപോലെ ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് മാർപാപ്പ സെൻ്റ് മേരി മേജർ ബസിലിക്കയിലേക്ക് സന്ദര്‍ശനം നടത്തി. കോർസിക്കയിലേക്കുള്ള തന്റെ സന്ദർശനം പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ചാപ്പലിൽ വ്യക്തിപരമായ പ്രാർത്ഥന പൂർത്തിയാക്കിയതിന് പിന്നാലേ, ബസിലിക്കയിലെ തിരുപിറവി ദൃശ്യാവിഷ്ക്കാരത്തില്‍ പങ്കെടുത്തവരോടൊപ്പം പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. ഏകദേശം 186 മൈൽ മാത്രം ദൂരമുള്ള പോപ്പിൻ്റെ ഏറ്റവും ചെറിയ അന്താരാഷ്ട്ര യാത്രകളിലൊന്നാണിത്.
ഇന്ന് ഞായറാഴ്ച രാവിലെ 7:45 ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 12:15) പാപ്പാ കോർസിക്കയിലേക്ക് വിമാനത്തിൽ പുറപ്പെടും. ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ട് രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്ക് 01:30) മെഡിറ്ററേനിയൻ ദ്വീപിൽ എത്തിച്ചേരും. പ്രാദേശിക ബിഷപ്പ്, വൈദികർ, വിശ്വാസികള്‍, അജപാലന ശുശ്രൂഷകര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, ഫ്രാൻസിസ് മാർപാപ്പ കോർസിക്കയിലെ വിശ്വാസികൾക്കായുള്ള കുർബാനയിൽ കാര്‍മ്മികത്വം വഹിക്കും. അജാസിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ വിമാനം വൈകുന്നേരം 7 മണിക്ക് റോമിലേക്ക് തിരിക്കും.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟