News - 2025
ഹോണ്ടുറാസില്‍ തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വൈദികന്റെ അവസരോചിത ഇടപെടല്‍ മൂലം ഒഴിവായി
പ്രവാചകശബ്ദം 20-12-2024 - Friday
ഒകോടെപേക്യു, ഹോണ്ടുറാസ്: പരിപാവനമായ തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം വിഫലമായി. ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ് ലൂസി ദേവാലയത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്. ഒകോടെപേക്യുവിലെ സെന്റ് മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക വികാരിയായ ഫാ. നേരി അഡാല്‍ബെര്‍ട്ടോ ഗോമെസ് പെരെസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് തിരുവോസ്തി അവഹേളനത്തില്‍ നിന്നു സംരക്ഷിച്ചത്.
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ലൂസിയുടെ തിരുനാള്‍ ദിനം കൂടിയായ ഡിസംബര്‍ 13ന് സെന്റ് ലൂസി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കുവാന്‍ ഫാ. അഡാല്‍ബെര്‍ട്ടോയെയായിരുന്നു ക്ഷണിച്ചിരുന്നത്. നിരവധി വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് വരിയായി നിന്നിരുന്ന വിശ്വാസികള്‍ക്കൊപ്പം ശരാശരിയില്‍ കവിഞ്ഞ ഉയരവും ടീഷര്‍ട്ടും തൊപ്പിയും ധരിച്ച മീശയുള്ള ഒരാളുമുണ്ടായിരിന്നു. തികച്ചും ബഹുമാന കുറവോടെയാണ് ഇയാള്‍ നിന്നിരിന്നതെന്ന് ലൈവ് സ്ട്രീമിഗ് വീഡിയോയില്‍ വ്യക്തമായിരിന്നു.
വൈദികന്‍ “യേശുവിന്റെ തിരുശരീരം” എന്ന് പറയുന്നത് കേട്ടിട്ടും ഇയാളുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. (ആമേന്‍ എന്ന്‍ പ്രത്യുത്തരം നല്‍കുന്നത് ദേവാലയങ്ങളിലെ പതിവാണ്). വൈദികന്‍ നാവില്‍ തിരുവോസ്തിവെക്കുന്നതിന് കാത്തുനില്‍ക്കാതെ മോഷ്ടാവ് വായ മുന്നോട്ട് കൊണ്ടുചെന്ന്‍ തിരുവോസ്തി പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുകയായിരിന്നു. തിരുവോസ്തിയുടെ പകുതിഭാഗം വായ്ക്ക് പുറത്തായിരുന്നു. ഇനി എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന മോഷ്ടാവ് വൈദികനെ നോക്കി അസ്വസ്ഥമായ രീതിയില്‍ പുഞ്ചിരിക്കുകയും തിരുവോസ്തി ഇറക്കാതെ താന്‍ ഇരുന്ന ഇരിപ്പടത്തിലേക്ക് തിരികെപ്പോവുകയും ചെയ്തു.
സംശയം തോന്നിയ വൈദികന്‍ അയാളുടെ അടുത്തുചെന്നു തിരുവോസ്തി തിരികെ വാങ്ങുകയായിരിന്നു. വിശുദ്ധ കുര്‍ബാനയ്ക്കൊടുവില്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് സംരക്ഷിക്കുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വത്തേക്കുറിച്ചും ഫാ. അഡാല്‍ബെര്‍ട്ട് വിവരിച്ചിരിന്നു. “ദിവ്യകാരുണ്യം സഭയുടെ ഏറ്റവും വലിയ നിധിയാണ്” എന്ന് പറഞ്ഞ അദ്ദേഹം വൈദികരും, സന്യസ്തരും, അത്മായരും സഭയുടെ പങ്കാളികളാണെന്നും അത്മായരായ നമ്മള്‍ ദിവ്യകാരുണ്യമാകുന്ന നിധിക്കായി തീക്ഷ്ണതയുള്ളവരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
ദിവ്യകാരുണ്യം നമ്മുടെ നിധിയാകുമ്പോള്‍ ദിവ്യകാരുണ്യത്തോടുള്ള നിന്ദ്യമായ പ്രവര്‍ത്തികള്‍ തടയുന്നതില്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ദിവ്യകാരുണ്യത്തെ അവഹേളിക്കുന്നവരുടെ കൈയില്‍ നിന്നും ക്രൈസ്തവ വിശ്വാസി എന്ന അധികാരത്തിന്റെ പുറത്ത് നമുക്ക് അത് തിരികെ ആവശ്യപ്പെടാമെന്നും ഫാ. അഡാല്‍ബെര്‍ട്ട് പറഞ്ഞു. അതേസമയം തിരുവോസ്തി മോഷണം നടത്താനുള്ള ശ്രമത്തിന് പിന്നില്‍ സാത്താന്‍ സേവകര്‍ക്ക് കൈമാറാനായിരിന്നോയെന്ന്‍ വ്യക്തമല്ല.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟