News

കോസ്റ്റ റിക്കയില്‍ തിരുവോസ്തി മോഷണം പോയി; നാളെ പരിഹാര ബലിയര്‍പ്പണവും പ്രാര്‍ത്ഥനയും

പ്രവാചകശബ്ദം 21-10-2022 - Friday

സാന്‍ ജോസ്: മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നും കൂദാശ ചെയ്ത തിരുവോസ്തികളും, ആരാധനക്കുപയോഗിക്കുന്ന വിശുദ്ധ വസ്തുക്കളും മോഷണം പോയി. വടക്കന്‍ കോസ്റ്റ റിക്കയിലെ സിയുഡാഡ് ക്യുസാദ രൂപതയിലെ പൊക്കോസോളിലെ ലിമായിലെ വിശുദ്ധ റോസിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ മോഷണം പോയതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. ബലിപീഠം ആകെ അലംകോലമായാണ് കിടന്നിരുന്നതെന്നും മോഷണം സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രൂപത അറിയിച്ചു. പരമശക്തനായ ദൈവത്തിലും, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയിലും വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടിരിക്കുവാന്‍ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നാളെ ഒക്ടോബര്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പരിഹാര ബലിയര്‍പ്പണവും, പ്രാര്‍ത്ഥനയും നടത്തുമെന്ന് ഇടവക വികാരിയായ ഫാ. ഗെയിസണ്‍ ഓര്‍ട്ടിസ് മാരിന്‍ അറിയിച്ചു. വിശ്വാസത്തെയും, സുരക്ഷയെയും ബാധിക്കുന്ന കാര്യമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുവാന്‍ കഴിയുന്നതല്ലെന്നു ഫാ. ഓര്‍ട്ടിസ് കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്ത വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഒരു സമൂഹവും പഴയതുപോലെ ആയിരിക്കില്ലെന്നും, കൂടുതല്‍ ജാഗരൂകരായിരിക്കുവാനും, സുവിശേഷ പ്രഘോഷണത്തോട് കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുവാനുമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഴ്ചയില്‍ മൂന്നോ, നാലോ ദിവസം പലഹാര നിര്‍മ്മാതാവായി ജോലി ചെയ്തുകൊണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക കണ്ടെത്തുന്നതിനാല്‍ പ്രാദേശികമായും, അന്താരാഷ്ട്ര തലത്തിലും അറിയപ്പെടുന്ന വ്യക്തി കൂടിയാണ് ഫാ. ഓര്‍ട്ടിസ്. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് തങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്നതെന്നു ഫാ. ഓര്‍ട്ടിസ് പറയുന്നു. കൂദാശ ചെയ്ത തിരുവോസ്തികള്‍ സാത്താന്‍ ആരാധനക്കായി ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ഇടവക സമൂഹം. തിരുവോസ്തി മോഷണം പോയതിലുള്ള പ്രായശ്ചിത്തമായി ഇന്നലെ വ്യാഴാഴ്ച എല്ലാ ഇടവക വിശ്വാസികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുമണിക്കൂര്‍ നേരത്തെ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.

വാഴ്ത്തപ്പെട്ട തിരുവോസ്തി മോഷണം പോകുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. സാത്താന്‍ ആരാധനാ സംഘങ്ങള്‍ കൂടുതല്‍ സജീവമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തിരുവോസ്തി അവഹേളിക്കപ്പെടുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സാത്താനുമായി ബന്ധം സ്ഥാപിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നുവെന്ന് ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍ (ഐ.ഇ.എ) അംഗങ്ങളായ കത്തോലിക്കാ ഭൂതോച്ചാടകര്‍ സമീപകാലത്ത് മുന്നറിയിപ്പ് നല്‍കിയിരിന്നു.


Related Articles »