Life In Christ

മലബാറിന്റെ ദൈവദാസന്റെ ജീവിതത്തിലൂടെ ഒരു യാത്ര

തോമസ് ചെറിയാന്‍ 13-09-2016 - Tuesday

തന്റെ സൃഷ്ടികളെപ്പറ്റിയുള്ള ദൈവത്തിന്റെ മഹനീയമായ പ്ലാനിനെപ്പറ്റിയും പദ്ധതിയെപ്പറ്റിയും ജെറമിയായുടെ പുസ്തകം 29:11-ല്‍ നാം വായിക്കുന്നു. നാമിന്നു കാണുന്ന എല്ലാ നന്മയുടെയും പുറകില്‍ ഈ തിരുവചനത്തിന്റെ പൂര്‍ത്തീകരണം കാണാന്‍ സാധിക്കും. പലരുടെയും ജീവത്യാഗത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ഉത്തരമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും സൗഭാഗ്യങ്ങളും.

തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതില്‍ നിന്നു ലഭിക്കാവുന്ന എല്ലാ ക്രെഡിറ്റും ഈ ഭൂമിയില്‍ വച്ചു തന്നെ വാങ്ങുന്ന ലോകദൃഷ്ടിയില്‍ ബുദ്ധിമാന്മാര്‍ എന്നു ധരിക്കുന്നവരെ നാം നിത്യേന കാണാറുണ്ട്. എന്നാല്‍ തന്റെ സമ്പാദ്യം ചിതലരിക്കാതെ ഉന്നതങ്ങളില്‍ മാത്രമായി സൂക്ഷിക്കുന്ന ബുദ്ധിമാന്മാരെപ്പറ്റിയും നാം കേള്‍ക്കാറുണ്ട്.

തന്നെ ഏല്‍പ്പിച്ച ജോലി മാത്രമേ ചെയയ്തുള്ളൂ എന്നു പറഞ്ഞ് നിശബ്ദ ദാസരായി അവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോവുകയും ചെയ്യും, ലോകസ്ഥാപനത്തിനു മുന്‍പേ അവര്‍ക്കായി ഒരുക്കിയിരുക്കുന്ന സ്വര്‍ഗസമ്മാനം തേടി. അവരുടെ നന്മകള്‍ സ്വര്‍ഗം ആശീര്‍വദിക്കുമ്പോള്‍, അവര്‍ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തികള്‍ ദൈവ കരങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകും. അത്തരം നന്മകള്‍ സ്ഥലകാല, ജാതിഭേതമില്ലാതെ സ്വര്‍ഗത്തിലെ പനിനീര്‍ പുഷ്പങ്ങളുടെ സുഗന്ധങ്ങളായി മാറുമ്പോള്‍ അതിനു കാരണഭൂതരായവര്‍ നമ്മുടെയിടയില്‍ വീണ്ടും സ്മരിക്കപ്പെടും വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെയായി.

ദൂരെ ദേശത്തുപോയി കര്‍ത്താവിനു വേണ്ടി മിഷനറിയാവണമെന്ന് ആഗ്രഹിച്ച് ഒടുവില്‍, ദൈവഹിതത്തിനു പൂര്‍ണ്ണമായും വിട്ടു കൊടുത്ത് നമ്മുടെ നാട്ടില്‍ തന്നെ നിന്നുകൊണ്ട് വചന വിത്തുകള്‍ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിച്ച എല്ലാവരും സ്‌നേഹത്തോടെ വര്‍ക്കിച്ചന്‍ എന്ന വിളിച്ചിരുന്ന മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയെപ്പറ്റിയാണിവിടെ പറയാന്‍ ഉദ്ദേശിക്കുക.

ചെറുപ്പകാലം

1921-ല്‍ പാലായിലെ വലവൂര്‍ എന്ന ഗ്രാമത്തില്‍ ജോസഫിന്റെയും ഏലിയുടെയും മകനായി ജനിച്ച കുഞ്ഞുവര്‍ക്കി വീട്ടുകാരുടേയുല്ലാം ഓമനയായിത്തന്നെ വളര്‍ന്നുവന്നു. ഒരു നാട്ടു പ്രമാണിയുടെ മകനായി ജനിച്ച കുഞ്ഞുവര്‍ക്കിക്ക് നല്ല വിദ്യാഭ്യാസത്തിനോ ജീവിതരീതികള്‍ക്കോ കുറവുണ്ടായിരുന്നില്ല, എന്നിരുന്നാലും ഇടവിട്ടിടവിട്ട് ഒന്നല്ലെങ്കില്‍ മറ്റൊരു ശാരീരിക ബുദ്ധിമുട്ടുകള്‍ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്ക്‌ക്കോയൂടെ ജീവചരിത്രം വായിച്ചത്, ഈ കുഞ്ഞില്‍ ദൈവം പാകിയിരുന്ന ദൈവവിളിയെ ഉണര്‍ത്തി. ആ ജ്വാല കെടാതെ പതിനേഴാം വയസ്സുവരെ - സ്‌കൂള്‍ ഫൈനല്‍ കഴിയുന്നതുവരെ പ്രാര്‍ത്ഥനയിലൂടെയും ദിവ്യകാരുണ്യ സന്ദര്‍ശനത്തിലൂടെയും നല്ല കൂട്ടു കെട്ടുകളിലൂടെയും, നല്ല പുസ്തക പാരായണങ്ങളില്ലൂടെയും ആ കൊച്ചുബാലന്‍ കാത്തു സൂക്ഷിച്ചു.

വിളിയനുസരിച്ച്

1938-ല്‍ തന്റെ 17-ാം വയസ്സില്‍ നാഥന്റെ വിളിക്കുത്തരമായി മലബാറിലേക്ക് (അന്ന് മലബാര്‍ മദ്രാസ് റീജിയനിലായിരുന്നു) തിരിക്കുന്നു. കോഴിക്കോട്ടു മെത്രാനായ അഭിവന്ദ്യ പിതാവ് ലിയോ പ്രൊസേര്‍പിയോയുടെ കൈ മുത്തി തുടങ്ങിയ ആ യാത്ര കൊച്ചു വര്‍ക്കിയെ മംഗലാപുരം സെമിനാരിയിലെയും, അതിനുശേഷം ആലുവാ സെമിനാരിയിലെയും നീണ്ട പഠനങ്ങള്‍ ദൈവത്തിന്റെ വയലിലെ യഥാര്‍ത്ഥ വിളവെടുപ്പുകാരനാക്കി മാറ്റി. അങ്ങനെ 26 വയസ്സ് തികയുന്നതിനു മുന്‍പ് 1947 മാര്‍ച്ച് 16-ാം തിയ്യതി അഭിവന്ദ്യ വാരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്നും പട്ടം സ്വീകരിച്ച് കര്‍ത്താവിന്റെ പുരോഹിതഗണത്തില്‍ പേരെഴുതിച്ചേര്‍ക്കപ്പെട്ടു. ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്ന അസുഖങ്ങള്‍ അപ്പോഴും അച്ചനെ വിട്ടുമാറിയിരുന്നില്ല.

കുളത്തുവയലിലേക്കുള്ള യാത്ര

ദൈവത്തിന്റെ പദ്ധതികള്‍ എപ്പോഴും മനുഷ്യ ബുദ്ധിക്ക് അതീതമാണല്ലോ, അവിടുന്നു നയിക്കുന്ന വഴികളും. ഒരു മിഷനറിയായി ക്രിസ്തുവിനായി എരിഞ്ഞു തീരണമെന്ന അതിയായ ആഗ്രഹത്തോടെ പൗരോഹിത്യം തിരഞ്ഞെടുത്ത ഈ നവവൈദികന്‍ തന്റെ കര്‍മ്മ മണ്ഡലമായ കുളത്തുവയലില്‍ എത്തുന്നതിനു മുന്‍പേ അദ്ദേഹത്തിലൂടെ ആ പ്രദേശത്തു ചെയ്യാനഗ്രഹിക്കുന്ന വലിയ നന്മകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. അതിന്നൊരുക്കമായി മാനന്തവാടിയിലും പേരാവൂരും വയനാട്ടിലെ മറ്റു ഭാഗങ്ങളിലും ഒരു സഹായ പുരോഹിതനായി അദ്ദേഹം ഏതാനം മാസങ്ങള്‍ പ്രവര്‍ത്തിച്ചു, റോഡുനിര്‍മ്മാണം ദേവാലയ നിര്‍മ്മാണം എന്നിവക്കും ഈ അവസരത്തില്‍ സമയം കണ്ടെത്തി.

കര്‍മ്മഭൂമിയായ കുളത്തുവയലില്‍

1951 ഏപ്രില്‍ 8 തിയ്യതി പത്തുവര്‍ഷം മാത്രം പ്രായമുള്ള കുളത്തുവയലിലെ മൂന്നാമത്തെ വികാരിയായി വര്‍ക്കിച്ചന്‍ നിയോഗിതനായി. സംഭവബഹുലമായ 16 സംവത്സരങ്ങള്‍, കുളത്തുവയലിനേയും സമീപ പ്രദേശങ്ങളേയും ഒരു കാനാന്‍ ദേശമാക്കി മാറ്റാന്‍ വര്‍ക്കിച്ചനു കഴിഞ്ഞു. കേരളത്തിന്റെ തന്നെ അഭിമാനമായ കുറ്റിയാടി ജലസേചന പദ്ധതി, മലബാറിലെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കൂളത്തുവയല്‍ പള്ളി, വടകര വിദ്യാഭ്യാസ ജില്ലയുടെ അവിഭാജ്യ ഘടകമായ കുളത്തുവയല്‍ സൈന്റ് ജോര്‍ജ്ജ് സ്‌കൂള്‍, ഈ പള്ളിയോട് ചേര്‍ന്നു കിടക്കുന്ന ചക്കിട്ടപാറ, നരിനട, ഓഞ്ഞില്‍ എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍, നിര്‍മ്മലാ കോളേജ്, വടക്കന്‍ കേരളത്തിന്റെ തന്നെ അഭിമാനമായ കുളത്തുവയല്‍ സ്‌കൂളിനോടുചേര്‍ന്ന വലിയ നീന്തല്‍ക്കുളം, കുളത്തുവയലിനെ സമീപ പ്രദേശങ്ങളുമായി ബന്ധിക്കുന്ന റോഡുകള്‍, എല്ലാറ്റിനുമുപരിയായി ഇന്ന് ലോകമെങ്ങും പരന്നു കിടക്കുന്ന എം.എസ്.എം.ഐ സഭ. ഇതെല്ലാം തന്നിലെ താലന്തുകള്‍ തന്നവനായി സമര്‍പ്പിച്ചപ്പോള്‍ നൂറുമേനി വിളയിക്കാനറിയാവുന്നവന്‍ ചെയ്ത മഹനീയ കാര്യങ്ങള്‍ തന്നെ. 1967 മുതല്‍ 1973 വരെ അവിഭക്ത തലശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ച വര്‍ക്കിച്ചനിലൂടെ സഭക്ക് മലബാറില്‍ കൈവരിക്കാന്‍ കഴിഞ്ഞ വിദ്യാഭ്യാസ മുന്നേറ്റം ദൈവതിരുസന്നിധിയില്‍ തികച്ചും അഭിമാനാര്‍ഹം തന്നെ.

വിമലമേരി സഭ

തികഞ്ഞ മാതൃഭക്തനായ വര്‍ക്കിച്ചനിലൂടെ സഭക്കായ് കനിഞ്ഞു നല്‍കിയ വലിയൊരനുഗ്രഹമാണ്. 1967-ല്‍ കുളത്തുവയലിലെ ഒരു താല്‍കാലിക കെട്ടിടത്തില്‍ ആരംഭിച്ച എം.എസ്.എം.ഐ എന്ന ഈ സന്ന്യാസ സമൂഹം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ജര്‍മ്മനി മുതലായ വിദേശ രാജ്യങ്ങളിലമായി ദൈവാരൂപിയില്‍ നിറഞ്ഞ് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. സുവിശേഷ പ്രഘോഷണത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 800റോളം കന്യാസ്ത്രീകള്‍ നാലു പ്രോവിന്‍സുകളിലായി വര്‍ക്കിച്ചന്‍ തുടങ്ങിവെച്ച അജപാലനദൗത്യം അഭംഗുരം തുടര്‍ന്നു കൊണ്ടുപോകുന്നു.

പെന്തക്കുസ്താനുഭവത്തിലൂടെ

താന്‍ ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്ന് വര്‍ക്കിച്ചന്‍ വിശ്വസിച്ചിരുന്നു, അതിനാല്‍ തന്നെ ഓരോ പ്രഭാതത്തിലും പുതുമയുള്ള അവിടുത്തെ സ്‌നേഹപരിപാലനത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ അച്ചനു കഴിഞ്ഞിരുന്നു. 1976-ല്‍ കേരളത്തിലെ രണ്ടാമത്തെ നവീകരണധ്യാനത്തില്‍ പങ്കെടുത്ത അച്ചനെ പിന്നീടങ്ങോട്ട് പരിശുദ്ധാത്മാവ് കൈപിടിച്ചു നടത്തുന്നതാണ് കാണുന്നത്. 1985-ല്‍ NRC തുടങ്ങിയതോടെ തങ്ങള്‍ക്കു ലഭിച്ച അരൂപിയെ അനേകരിലേക്ക് പങ്കുവെക്കുന്നതിന്റെ ശക്തി കൂടിക്കൂടി വന്നു. ലോകമെങ്ങും സുവിശേഷ പ്രഘോഷണത്തിനായി ഇന്നു കര്‍ത്താവുപയോഗിക്കുന്ന ശാലോമിന്റെ തുടക്കം മുതല്‍ പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചു മുന്‍പോട്ടു പോകാന്‍ അവരെ സഹായിച്ചത് ശാലോമിന്റെ ആല്‍മീയ പിതാവുകൂടിയായിരുന്ന വര്‍ക്കിച്ചനായിരുന്നു.

ദൈവാല്‍മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന വര്‍ക്കിച്ചന്‍ നവീകരണത്തില്‍ വരദാനങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും, സെല്‍ ഗ്രൂപ്പുകളുടേയും, പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടേയും, എല്‍ഡറിംഗ്, കൗണ്‍സലിംഗ്, പാസ്റ്ററിംഗ് എന്നിവയുടെ ആവശ്യം പലപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. കാലത്തിനും സമയത്തിനുമതീതനായ ദൈവനാഥനെ കൈപ്പിടിച്ച് കഴിഞ്ഞ കാലത്തിലെ വിഷമങ്ങള്‍ എടുത്തു മാറ്റാനായി അച്ചന്‍ നടത്തിവന്നിരുന്ന ആന്തരിക സൗഖ്യ ധ്യാനങ്ങള്‍ അനേകരെ കര്‍ത്താവില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

നിത്യ കിരീടത്തിനായി

സഭയിലേക്ക് വര്‍ക്കിച്ചനിലൂടെ ചൊരിയപ്പെട്ട അനേക നന്മകള്‍ക്ക് പകരമായി - മാര്‍ പോള്‍ ചിറ്റലപ്പള്ളിയുടെ ശുപാര്‍ശ പരിഗണിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അച്ചന്റെ പൗരോഹിത്യ വജ്രജൂബിലി സമയത്ത് 2007ല്‍ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയുണ്ടായി. രോഗത്തിലും പീഡയിലും ദൈവ വചന പ്രഘോഷണത്തിനായി എന്തു ത്യാഗം സഹിച്ചും പോകാന്‍ അച്ചന്‍ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണ് 1996-ലെ ഹൃദയ ശസ്ത്രക്രിയക്കു ശേഷവും 2003ലെ ക്യാന്‍സറിനുശേഷവും വിദേശരാജ്യങ്ങളിലടക്കം ഓടിനടന്ന് വചനത്തിന്റെ വിത്തുകള്‍ പാകിയത്.

2 തിമോ 4-7 ''ഞാന്‍ നന്നായി പൊരുതി എന്റെ ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം കാത്തു'' എന്നു പറഞ്ഞുകോണ്ട് 2009 ജൂണ്‍ 24- തിയ്യതി നിത്യതയിലേക്ക് യാത്രയായ വര്‍ക്കിച്ചനിലൂടെ ദൈവം ചെയ്ത നന്മകള്‍ എഴുതിത്തീര്‍ക്കാന്‍ സാധിക്കില്ല. എം.എസ്.എം.ഐ സഭയുടെ സ്ഥാപക പിതാവായ അച്ചനേറ്റവും ഇഷ്ടപ്പെട്ടിരുന്ന കൊച്ചു ദേവാലയത്തിനു ചേര്‍ന്നുള്ള അവിടുത്തെ കബറിടത്തിന്നരികെ ശാന്തമായി നില്‍ക്കാന്‍ കഴിഞ്ഞാല്‍, ഗൗരവം കലര്‍ന്ന ചിരിയുമായി അച്ചന്‍ ഇപ്പോഴും ചോദിക്കുന്നതു കേള്‍ക്കാം. ''നീ കര്‍ത്താവിനോടു ചോദിച്ചോ''?