News - 2025
കമ്മ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ നിന്നും മൂന്നു പേര്‍ കൂടി തിരുപട്ടം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 30-09-2016 - Friday
ലുവാംങ് പ്രബാംങ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ മൂന്നു വൈദികര്‍ കൂടി തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യം ആരംഭിച്ചു. ഇതോടെ രാജ്യത്തെ സ്വദേശികളായ വൈദികരുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ലാവോസിലെ മുഖ്യ സെമിനാരി സ്ഥിതി ചെയ്യുന്ന സവാനാകെറ്റ് നഗരത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. രാജ്യത്തിനുള്ളില്‍ നിന്നും തായ്‌ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ബിഷപ്പുമാരായിരുന്നു ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.
പവോലോ ലറ്റാന സുന്‍തോണ്‍, അഗോസ്റ്റിനോ സയിഗ്ന സി ബുന്തി, മൈക്കിള്‍ കന്തക് വിലേലുവോങ് ഡീ എന്നീ ഡീക്കന്‍മാരാണ് തിരുപട്ടം സ്വീകരിച്ചത്. സവാനാകെറ്റിന്റെ അപ്പോസ്‌ത്തോലിക് വികാരിയായി സേവനം ചെയ്യുന്ന ബിഷപ്പ് പ്രിഡ ഇന്തിരാത്ത് ആയിരുന്നു ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പുതിയ മൂന്നു വൈദികരെ കൂടി സഭയുടെ ശുശ്രൂഷകള്‍ക്കായി നല്‍കിയതിന് നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്നുവെന്ന് ലിവാംങ് പ്രബാംങിന്റെ അപ്പോസ്‌ത്തോലിക് അഡ്മിനിസ്‌ട്രേറ്ററായ മോണ്‍സിഞ്ഞോര്‍ ടിറ്റോ ബാന്‍ചോംങ് പറഞ്ഞു.
ലാവോസ്, വിയറ്റ്‌നാം, തായ് ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 54 പുരോഹിതര്‍ തിരുപട്ട ശുശ്രൂഷകളില്‍ പങ്കാളികളാകുവാന്‍ എത്തിയിരുന്നു. നിരവധി കന്യാസ്ത്രീകളും വിശ്വാസികളും തിരുകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. ലാവോസില്‍ തന്നെയുള്ള മൂന്നു കത്തോലിക്ക ദേവാലയങ്ങളിലായിരിക്കും പുതിയ വൈദികര്‍ തങ്ങളുടെ ആദ്യത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുക.
വിവിധ കാരണങ്ങളാല്‍ ലാവോസില്‍ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായ 17 പേരെ അടുത്ത് തന്നെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനിരിക്കുകയാണ്. ലാവോസിലെ സഭ വളര്‍ച്ചയുടെ പാതയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഈ നടപടികള്‍ എല്ലാം വ്യക്തമാക്കുന്നു. ആറു മില്യണ്‍ ആളുകളാണ് കമ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ വസിക്കുന്നത്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം ഒരു ശതമാനത്തോളം മാത്രമാണ്. അരലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക