News - 2025
സെക്കന്തരബാദില്‍ തിരുവോസ്തിയില്‍ രക്തം; ദേവാലയത്തിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു
സ്വന്തം ലേഖകന്‍ 03-10-2016 - Monday
സെക്കന്തരാബാദ്: സെക്കന്തരാബാദിലെ സെന്റ് ഫ്രാന്‍സിസ് ജൂനിയര്‍ കോളജ് ചാപ്പലില്‍ അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ചിരുന്ന തിരുവോസ്തിയില്‍ രക്തം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അത്ഭുതം നടന്നത്. ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആറു പേരാണ് ഈ അത്ഭുതത്തിനു ആദ്യം സാക്ഷികളായത്. ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥന ദിനമായിരുന്നതിനാല്‍ ഇതിനോടനുബന്ധിച്ച് ഉച്ചക്ക് ശേഷം ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു.
സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് നിവാസികളായിരുന്നു ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തത്. ഉച്ചക്ക് രണ്ടു മണിയോടെ ചാപ്പലില്‍ എത്തിയ രണ്ടു കന്യാസ്ത്രീകളും മറ്റ് നാലു വിശ്വാസികളും അള്‍ത്താരയില്‍ എഴുന്നള്ളിച്ച് വച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരിന്നു.
ആരാധന ആരംഭിച്ച് പത്ത് മിനിറ്റ് പിന്നിട്ടപ്പോഴാണ് സിസ്റ്റര്‍ കാര്‍മല്‍ തിരുവോസ്തിയില്‍ രക്തത്തിന്റെ പാട് കണ്ടത്. പിന്നീട് നടന്ന കാര്യങ്ങള്‍ സിസ്റ്റര്‍ കാര്‍മല്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. "ആദ്യം രക്തത്തിന്റെ ചെറിയ ഒരു പാടു പോലെയാണ് അരുളിക്കയില്‍ കാണുവാന്‍ സാധിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചില രക്ത തുള്ളികള്‍ തിരുവോസ്തിയില്‍ നിന്നും പൊടിയുവാന്‍ ആരംഭിച്ചു. " സിസ്റ്റര്‍ കാര്‍മല്‍ വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ സത്യമായും നമ്മിലേക്ക് എഴുന്നള്ളി വരുന്നുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സിസ്റ്റര്‍ കാര്‍മല്‍ പറഞ്ഞു.
അത്ഭുതം നടന്ന ഉടനെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുകയായിരിന്നു. ഇപ്പോഴും നൂറുകണക്കിനു വിശ്വാസികള്‍ ദേവാലയത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം അത്ഭുതത്തെ പറ്റി രൂപതാവൃത്തം ഇത് വരെയും പ്രതികരിച്ചിട്ടില്ല.