News - 2025
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 04-10-2016 - Tuesday
കൊല്‍ക്കത്ത: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തിയപ്പോഴാണ് മാര്‍ ആലഞ്ചേരി വിഷയത്തിലെ തന്റെ പ്രതികരണം അറിയിച്ചത്. ഏഴു മാസം മുമ്പാണ് സലേഷ്യന്‍ സഭാംഗമായ ഫാദര്‍ ടോം ഉഴുന്നാലിനെ യെമനിലെ ഏഡനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.
"യെമനില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെയും ലഭ്യമല്ല. അബുദാബി ആസ്ഥാനമായി അറേബ്യന്‍ രാജ്യങ്ങളുടെ അപ്പസ്‌ത്തോലിക് വികാറായി സേവനം ചെയ്യുന്ന പോള്‍ ഹിന്‍ഡര്‍ പിതാവുമായി ഞാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറലുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തീവ്രവാദികള്‍ വൈദികനെ കൊലപ്പെടുത്തിയെങ്കില്‍, അവര്‍ ആ വാര്‍ത്ത പുറത്തു വിടേണ്ടതാണ്. ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു". കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
യെമനില്‍ സേവനം ചെയ്യുന്ന വൈദികര്‍ എല്ലാവരും സലേഷ്യന്‍ സഭയിലെ അംഗങ്ങളാണ്. 1986-ല്‍ റോമില്‍ വച്ചു നടന്ന സലേഷ്യന്‍ സഭയുടെ യോഗത്തില്‍ പങ്കെടുത്ത കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ, സഭയുടെ റെക്ടര്‍ മേജറിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ്, ബംഗളൂരുവില്‍ നിന്നും നാലു വൈദികരെ യെമനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രങ്ങളില്‍ പുരോഹിത ശുശ്രൂഷകള്‍ക്കായി അയച്ചത്. സന, ഏഡന്‍, ഹുദീദ, തയിസ് എന്നീ മേഖലകളില്‍ താമസിച്ചാണ് വൈദികര്‍ അവിടെയുള്ള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരുന്നത്.
മാര്‍ച്ച് നാലാം തീയതിയാണ് ഏഡനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തില്‍ നിന്നും തീവ്രവാദികള്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയത്. മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ നാലു കന്യാസ്ത്രീകളെ ഉള്‍പ്പെടെ 16 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു. മലയാളി കന്യാസ്ത്രീയായ സിസ്റ്റര്‍ സാലി തലനാരിഴയ്ക്കാണ് തീവ്രവാദികളുടെ കൈകളില്‍ നിന്നും അന്നു രക്ഷപെട്ടത്. അല്‍-ഖ്വയ്ദയ്ക്കും, ഇസ്ലാമിക് സ്‌റ്റേറ്റിനും വലിയ രീതിയില്‍ സ്വാധീനമുള്ള മേഖലയാണ് യെമന്‍.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക